തിരുവനന്തപുരം: വേനല്‍ക്കാലത്ത് സംസ്ഥാനം കടുത്ത ഊര്‍ജ്ജ പ്രതിസന്ധി നേരിടാറുണ്ട്. ഇതിനൊരു പരിഹാരമായി ആണവ വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. കെഎസ്ഇബിയും ഊര്‍ജവകുപ്പും ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. കെഎസ്ഇബി ചെയര്‍മാനും സംഘവും കഴിഞ്ഞ 15നു മുംബൈയില്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനുമായി ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തി. ബിജു പ്രഭാകറും രണ്ടു ഡയറക്ടര്‍മാരുമാണു മുംബൈയില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നും പങ്കെടുത്തത്.
ആണവ നിലയത്തിലൂടെ 440 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ഇതിനായി 220 മെഗാവാട്ടിന്റെ 2 പദ്ധതികള്‍ സ്ഥാപിക്കണം എന്നാണ് നിര്‍ദ്ദേശം. രണ്ടു പദ്ധതിയും ഒരിടത്തു സ്ഥാപിക്കാം. അതിരപ്പിള്ളി, ചീമേനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് കെഎസ്ഇബിയുടെ പരിഗണനയിലുള്ളത്. 7000 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. പദ്ധതിയുടെ 60ശതമാനം തുക കേന്ദ്രം ഗ്രാന്റായി നല്‍കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.