ചുമതല സുകുമാരന്‍ നായരുടെ മകള്‍ സുജാതക്ക് ?
തിരുവനന്തപുരം: സംസ്ഥാനത്തെ ഏക സൈനിക സ്‌കൂളായ തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ നടത്തിപ്പ് ചുമതല ഇനി നായര്‍ സര്‍വ്വീസ് സൊസൈറ്റിയക്ക്. അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന കഴക്കൂട്ടം സൈനിക് സ്‌കൂളിന്റെ ദയനീയാവസ്ഥ വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയുടെ പ്രതിരോധ സേനയിലേക്ക് നിരവധി ധീരസൈനികരെ സംഭാവന ചെയ്യുകയും, മറ്റ് ഒട്ടനവധി ഉന്നത പദവികളില്‍ നിരവധി പേരേ എത്തിക്കുകയും ചെയ്ത ഈ വിദ്യാലയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്‌കൂളിന്റെ നടത്തിപ്പ് ചുമതല എന്‍ എസ് എസിന്റെ കൈകളിലേക്ക് എത്തുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്ന സൂചനയും ശക്തമാണ്.

പട്ടാള ചിട്ടയ്ക്കൊപ്പം പ്രതിരോധ മേഖലയിലെ ജോലിക്ക് മിടുക്കന്മാരെ സൃഷ്ടിക്കുകയാണ് സ്‌കൂളിന്റെ ലക്ഷ്യം. എന്നാല്‍ കരാര്‍ ജീവനക്കാര്‍ക്ക് അടക്കം ശമ്പളം നല്‍കാന്‍ പോലും പണമില്ലാത്ത അവസ്ഥയില്‍ സ്‌കൂള്‍ എത്തി. സംസ്ഥാന സര്‍ക്കാരിനും സഹായം നല്‍കാന്‍ കഴിയാത്ത സാമ്പത്തിക സ്ഥിതി വന്നു. ഇതോടെ സ്‌കൂള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നടത്തിപ്പിനായി കൈമാറാന്‍ തീരുമാനിച്ചു. നിയമപരമായ എല്ലാ കടമ്പയും കടന്നാണ് സ്‌കൂള്‍ നടത്തിപ്പ് എന്‍എസ് എസിന്റെ കൈയ്യിലെത്തുന്നതെന്നാണ് സൂചന. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സൈനിക സ്‌കൂളിന്റെ പ്രവര്‍ത്തനം. സുകുമാരന്‍ നായരുടെ മകള്‍ ഡോ സുജാത എന്‍ എസ് എസ് കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിരവധി അംഗീകാരങ്ങള്‍ നേടിയ സുജാത കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. എന്‍ എസ് എസിന്റെ വിദ്യാഭ്യാസ ചുമതലകളില്‍ സുജാത എത്തുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ സുജാതയാകും സൈനിക സ്‌കൂളിലേയും ദൈനംദിന കാര്യങ്ങള്‍ നോക്കുക.

സൈനിക സ്‌കൂളിലേക്ക് അധ്യാപകരെ അടക്കം നിയമിക്കാന്‍ എന്‍ എസ് എസിന് കഴിയുമെന്നാണ് സൂചന. ചില അധ്യാപകര്‍ സംസ്ഥാനത്തിന് പുറത്ത് പോയി സൈനികരില്‍ നിന്നും സിലബസ് അടക്കമുള്ള കാര്യങ്ങളില്‍ പരിശീലനം നേടിയിട്ടുണ്ട്. കുട്ടികള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നത് സൈന്യത്തിന്റെ ഉത്തരവാദിത്തമായിരിക്കും. ബാക്കിയെല്ലാ അധ്യാപക ഉത്തരവാദിത്തവും എന്‍ എസ് എസിനായിരിക്കും. കുട്ടികളുടെ ഹോസ്റ്റല്‍ നടത്തിപ്പും ഭക്ഷണ കാര്യങ്ങളും അടക്കം എന്‍ എസ് എസ് നോക്കി നടക്കും. സ്‌കൂള്‍ നടത്തിപ്പിനായി ഉന്നതതല സമിതിയേയും എന്‍ എസ് എസ് രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ക്കാകും പ്രത്യക്ഷത്തില്‍ മേല്‍നോട്ട ചുമതല. എന്‍ എസ് എസ് വൈസ് പ്രസിഡന്റും തിരുവനന്തപുരം താലൂക് യൂണിയന്‍ പ്രസിഡന്റുമായ സംഗീത് കുമാറിന്റെ നേതൃത്വത്തിലാണ് മുന്നൊരുക്കങ്ങള്‍.
അതിനിടെ ബിജെപിയുമായിയുണ്ടാക്കിയ രാഷ്ട്രീയ കരാറിന്റെ അടിസ്ഥാനത്തിലാണ് സൈനിക സ്‌കൂള്‍ എന്‍ എസ് എസിന് കിട്ടിയതെന്ന ആക്ഷേപം ഇടതുപക്ഷത്തിനുണ്ട്. അതീവ രഹസ്യമായാണ് ഇടപാടുകള്‍ നടന്നതെന്നും അവര്‍ പറയുന്നു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നും ആരോപണമുണ്ട്.