ഗൂഗിളിന്റെ ജനപ്രിയ ഇമെയില്‍ സംവിധാനമായ ജിമെയിലിന് (For Gmail, Google’s popular email system) അസ്തമനമാവുകയാണോ? ജിമെയില്‍ സേവനം 2024 ഓഗസ്റ്റ് 1ഓടെ പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചതായാണ് സ്ക്രീന്‍ഷോട്ട് സഹിതം സോഷ്യല്‍ മീഡിയയിലെ പ്രചാരണം. എന്താണ് ഈ അറിയിപ്പിന്‍റെ വസ്തുത.
പ്രചാരണം
ഗൂഗിള്‍ ജിമെയില്‍ സേവനം അവസാനിപ്പിക്കുകയാണ് എന്ന അറിയിപ്പിന്‍റേത് എന്നവകാശപ്പെടുന്ന സ്ക്രീന്‍ഷോട്ടാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ‘ജിമെയിലിനെ കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു വിവരം അറിയിക്കുകയാണ്. വര്‍ഷങ്ങളോളം ലോകത്തെ ദശലക്ഷക്കണക്കിന് മനുഷ്യരെ തമ്മില്‍ ബന്ധിപ്പിച്ച ജിമെയിലിന്‍റെ സേവനം 2024 ഓഗസ്റ്റ് 1ന് അവസാനിപ്പിക്കുകയാണ്. ഇതോടെ ജിമെയില്‍ വഴി ഇമെയില്‍ അയക്കാനോ സ്വീകരിക്കാനോ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കില്ല.
ഈ വര്‍ഷം ഓഗസ്റ്റ് 1ന് ശേഷം ജിമെയിലില്‍ നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. പുതിയ കാലത്തിന് അനുസരിച്ച പുത്തന്‍ പ്ലാറ്റുഫോമുകളും സങ്കേതങ്ങളും ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ജിമെയില്‍ നിര്‍ത്തുന്നത്. ആശയവിനിമയ മേഖലയില്‍ ഇതും വലിയ വിപ്ലവത്തിന് വഴിവെക്കും’ എന്നും ഗൂഗിള്‍, ജിമെയില്‍ എന്നിവയുടെ ലോഗോ സഹിതമുള്ള അറിയിപ്പില്‍ കാണാം. നിരവധിയാളുകളാണ് ഈ അറിയിപ്പിന്‍റെ സ്ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
വസ്‌തുത
ഈ പ്രചാരണം തികച്ചും വസ്തുതാ വിരുദ്ധമാണ്. ഇക്കാര്യം . ജിമെയിലിന്റെ സേവന ദാതാക്കളായ ഗൂഗിൾ തന്നെ അറിയിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.