എടവണ്ണ: നിലമ്പൂരില്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പി വി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍വറിനെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്നോടിയായി വന്‍ പൊലീസ് സന്നാഹം അന്‍വറിന്റെ വീട്ടില്‍ എത്തിയിരുന്നു. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധിക്കാന്‍ അന്‍വര്‍ ആഹ്വാനം ചെയ്തു.
നിലമ്പൂരില്‍ കാട്ടനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി വി അന്‍വറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പായിരുന്നു പൊലീസ് ചുമത്തിയത്. അന്‍വറിന് പുറമേ പത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഇവര്‍ക്കെതിരെ പിഡിപിപി ആക്റ്റ് പ്രകാരവും കേസെടുത്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചുവെന്നും എഫ്ഐആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്.