ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി; കല്ലറ പൊളിക്കാനുള്ള നീക്കം തത്കാലത്തേക്ക് നിർത്തി, കുടുംബാംഗങ്ങളുമായി ചർച്ച

Written by Taniniram

Published on:

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘ദുരൂഹ സമാധി’ തത്കാലം തുറന്ന് പരിശോധിക്കില്ല. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ചിലരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കല്ലറ പൊളിച്ച് പരിശോധിക്കാനുള്ള നീക്കം തത്കാലത്തേക്ക് നിര്‍ത്തിവെച്ചത്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. കുടുംബത്തെ സ്ഥലത്ത് നിന്ന് നീക്കിയെങ്കിലും പിന്നീട് ചിലര്‍ സമാധി തുറക്കുന്നതിനെതിരെ രംഗത്തെത്തുകയായിരുന്നു.

ഇതോടെ കല്ലറ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാരും തുറക്കരുതെന്ന് പറയുന്നവരും തമ്മിൽ തര്‍ക്കമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതോടെയാണ് നടപടി നിര്‍ത്തിവെക്കാൻ സബ് കളക്ടര്‍ തീരുമാനിച്ചത്. കുടുംബത്തിന്‍റെ ഭാഗം കേള്‍ക്കുമെന്നും കുറച്ച് സമയം കൂടി വേണ്ടിവരുമെന്നും സബ് കളക്ടര്‍ പറഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകൻ വര്‍ഗീയത പറയുകയാണെന്ന് ആരോപിച്ച് നാട്ടുകാരും ഇതിനിടെ രംഗത്തെത്തി. കല്ലറ പൊളിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ബോധ്യപ്പെടുത്താൻ ഗോപൻ സ്വാമിയുടെ കുടുംബാംഗങ്ങളുമായി സബ് കളക്ടര്‍ ആൽഫ്രണ്ട് ചര്‍ച്ച നടത്തുകയാണ്. മകൻ ഉള്‍പ്പെടെ പൊലീസ് സ്റ്റേഷനിലെത്തി. വിഷ്ണുപുരം ചന്ദ്രശേഖരനും ഒപ്പമുണ്ട്. 

കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്ത് എത്തിയതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് ഉച്ചയോടെ നടന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പിന്നാലെ ഒരു വിഭാഗം നാട്ടുകാരും പ്രതിഷേധിച്ച് രംഗത്തെത്തി. 

See also  നിലമ്പൂരിൽ കരടിയിറങ്ങി…

Leave a Comment