പുതിയ പാർലമെന്റ്‌ ആർഎസ്‌എസിന്റെ കിച്ചൺ: ബിനോയ്‌ വിശ്വം

Written by Web Desk1

Updated on:

മലപ്പുറം : രാജ്യത്ത്‌ മനുസ്‌മൃതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്‌ ബിജെപിയെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം എംപി. ‘കടന്നാക്രമിക്കപ്പെടുന്ന പാർലമെന്ററി വ്യവസ്ഥ; രാഷ്‌ട്രീയ ചട്ടുകമാവുന്ന ഗവർണർ’ വിഷയത്തിൽ സിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഭരണഘടന കാലഹരണപ്പെട്ട ഒന്നാണ്‌ എന്നാണ്‌ ബിജെപിയുടെ ഉന്നത നേതാക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. അറുപിന്തിരിപ്പൻ ആശയങ്ങളുടെ സമാഹാരമാണ്‌ മനുസ്‌മൃതി. രാജ്യം ഭരിക്കുന്ന ബിജെപിക്ക്‌ ജനാധിപത്യത്തോട്‌ ഒട്ടും താൽപ്പര്യമില്ല. ചാതുർവാർണ്യത്തിൽ അടിസ്ഥാനമാക്കിയുള്ള ഭരണകാലമാണ്‌ അവർ ലക്ഷ്യമിടുന്നത്‌. പാർലമെന്ററി വ്യവസ്ഥയോട്‌ അവർ കാണിക്കുന്ന അനീതിയും ധിക്കാരവും ഇതിന്റെ ഭാഗമാണ്‌. ഇപ്പോഴത്തെ പാർലമെന്റിനെ പാർലമെന്റ്‌ എന്ന്‌ പറയാൻ കഴിയാത്ത അവസ്ഥയാണ്‌. പ്രതിപക്ഷമില്ലാത്ത പാർലമെന്റ്‌, ചർച്ചയില്ലാത്ത പാർലമെന്റ്‌, ചോദ്യങ്ങളും വിമർശങ്ങളുമില്ലാത്ത പാർലമെന്റ്‌. പുതിയ പാർലമെന്റ്‌ ആർഎസ്‌എസിന്റെ കിച്ചണായി മാറി.

പാർലമെന്റിന്‌ ഉള്ളിലുണ്ടായ സുരക്ഷാവീഴ്‌ചയെക്കുറിച്ച്‌ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സഭയിൽ വന്ന്‌ വിശദീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടതിനാണ്‌ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ്‌ ചെയ്‌തത്‌. രാജ്യത്തെ 25 ശതമാനം ജനങ്ങളെ പ്രതിനിധീകരിക്കുന്ന എംപിമാരെ സഭയിൽനിന്ന്‌ പുറത്താക്കിയാണ്‌ ബില്ലുകൾ പാസാക്കുന്നത്‌. എണ്ണത്തിൽ കുറവാണെങ്കിലും ഇടതുപക്ഷ എംപിമാർ സഭയിൽ ജനങ്ങളുടെ ശബ്ദമായി മാറാറുണ്ട്‌.

2003ൽ വാജ്‌പേയി സർക്കാരിന്റെ കാലത്ത്‌ ബജറ്റ്‌ ചർച്ചയ്‌ക്ക്‌ 12 മണിക്കൂറാണ്‌ അനുവദിച്ചിരുന്നതെങ്കിൽ 2023ൽ 12 മിനിറ്റുകൊണ്ടാണ്‌ മോദി സർക്കാർ ബജറ്റ്‌ പാസാക്കിയത്‌. ഗവർണർ പദവി ആവശ്യമില്ലെന്നാണ്‌ സിപിഐ നിലപാടെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

See also  ബസിടിച്ച് അമ്മയും മക്കളും റോഡില്‍; കുട്ടി അടിയില്‍ പെട്ടതറിയാതെ ഡ്രൈവര്‍ ബസെടുത്തു; കുഞ്ഞിന് ദാരുണാന്ത്യം…

Related News

Related News

Leave a Comment