തിരുവനന്തപുരം (Thiruvananthapuram) : ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചൊവ്വാഴ്ചയോടെ പുതിയ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. (A new low pressure area is likely to form in the Bay of Bengal again by Tuesday.) ഇതിന്റെ സ്വാധീനഫലമായി ഓണം ദിവസങ്ങളില്‍ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. എന്നാല്‍ ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.
ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മറ്റൊരു ന്യൂനമര്‍ദ്ദം ദുര്‍ബലമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ കുറഞ്ഞത്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച വടക്കന്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം, ആലപ്പുഴ ജില്ലകളുടെ കടല്‍ തീരങ്ങളില്‍ ഇന്ന് വൈകീട്ട് 5.30 മുതല്‍ നാളെ ( ചൊവ്വാഴ്ച) ഉച്ചയ്ക്ക് 02.30 വരെ 1.4 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിനെ തുടര്‍ന്ന് കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.