പാലക്കാട് (Palakkad) : നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ബോയൻ കോളനി സ്വദേശിയും അയൽവാസിയുമായ ചെന്താമര കുറ്റക്കാരനെന്ന് കോടതി. (The court found Chenthamara, a native and neighbor of Boyan Colony, guilty in the Nenmara Pothundi Sajitha murder case.) പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കേസിൽ വ്യാഴാഴ്ച ശിക്ഷ വിധിക്കും. 2019 ഓഗസ്റ്റ് 31ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. കൊലപാതകത്തിനു പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തൽ. കേസിൽ 68 സാക്ഷികളാണ് ഉണ്ടായിരുന്നു. ഇതിൽ ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകളും ഉൾപ്പെടുന്നു. കേസിൽ 2020-ലാണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. തുടർന്ന് ഈ വർഷം ആഗസ്റ്റ് നാലിന് ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതോടെ സാക്ഷിവിസ്താരം ആരംഭിക്കുകയായിരുന്നു.
എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് ചെന്താമരയോട് കോടതി ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു പ്രതിയുടെ മറുപടി. കുറ്റക്കാരനെന്ന കോടതിയുടെ വിധി യാതൊരു കൂസലില്ലാതെയാണ് ഇയാൾ കേട്ടുനിന്നത്. രാവിലെ കോടതിയിൽ എത്തിച്ചപ്പോഴും വിധിക്കുശേഷം പുറത്തിറക്കിയശേഷവും ചെന്താമര ഒന്നും പ്രതികരിച്ചില്ല. വിധി കേൾക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തിയിരുന്നു.
സജിത കൊലക്കേസിൽ റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം കഴിഞ്ഞ ജനുവരി 27-ാം തീയതി സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ ചെന്താമര റിമാൻഡിലാണ്. ഭാര്യ പിണങ്ങിപ്പോകാൻ സജിതയാണെന്ന് കാരണക്കാരിയെന്ന് പറഞ്ഞായിരുന്നു ചെന്താമര സജിതയെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. സജിത വീട്ടിൽ ഒറ്റയ്ക്കുള്ള തക്കം നോക്കിയായിരുന്നു ചെന്താമര ക്രൂര കൊലപാതകം നടത്തിയത്.