എന്‍സിപി പിളര്‍പ്പിലേക്കോ? കെഎഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം വിട്ടു കൊടുക്കാതെ ലതികാ സുഭാഷും;തര്‍ക്കം രൂക്ഷം

Written by Taniniram

Published on:

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലുടക്കി എന്‍.സി.പി. സംസ്ഥാനഘടകം പിളര്‍ന്നാലും ഇടതു മുന്നണി അംഗീകരിക്കുക പിസി ചാക്കോ വിഭാഗത്തെ. മന്ത്രി എകെ ശശീന്ദ്രനോടാണ് സിപിഎമ്മിന് കൂടുതല്‍ താല്‍പ്പര്യം. ശശീന്ദ്രന്‍ പിസി ചാക്കോയ്ക്കൊപ്പം നില്‍ക്കുന്നതാണ് ആ വിഭാഗത്തിന് ഗുണകരമായി മാറു. എന്‍ സി പി നേതാവ് ശരത് പവാര്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്ന അഭ്യൂഹം കുറച്ചു കാലമായി ശക്തമാണ്. അപ്പോഴും കേരള ഘടകം ലയനത്തിന് തയ്യാറാകില്ല. ഇതെല്ലാം കണക്കിലെടുത്താണ് പിസി ചാക്കോയേയും ശശീന്ദ്രനേയും ചേര്‍ത്തു നിര്‍ത്താനുള്ള സിപിഎം നീക്കം.

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും എന്‍സിപിയുടെ ഭാഗമാണ്. തോമസ് കെ തോമസിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ എന്‍സിപിയില്‍ വിമത സ്വരം ഉയരുന്നത്. തോമസ് കെ തോമസിനോട് സിപിഎമ്മിന് താല്‍പ്പര്യക്കുറവുമുണ്ട്. എന്‍സിപി നയങ്ങളില്‍നിന്നു വ്യതിചലിച്ച് പാര്‍ട്ടിയെ പിന്നോട്ടു നയിക്കുന്ന സംസ്ഥാന അധ്യക്ഷന്‍ ചാക്കോയ്‌ക്കെതിരേ വിമതര്‍ യോഗം ചേര്‍ന്നിരുന്നു. ഇവരെല്ലാം ശശീന്ദ്രനും എതിരാണ്. എന്നാല്‍ നേതാക്കള്‍ മാത്രമേ ഈ കൂട്ടായ്മയിലുള്ളൂവെന്നാണ് സിപിഎം വിലയിരുത്തല്‍..

കോണ്‍ഗ്രസ്വിട്ട് പി.സി. ചാക്കോ എന്‍.സി.പിയില്‍ അഭയം പ്രാപിച്ചതോടെ പാര്‍ട്ടിക്കു ശനിദശ ബാധിച്ചതായാണ് വിമതര്‍ പറയുന്നത്. പി.എസ്.സി, ബോര്‍ഡ് അംഗത്വം അടക്കമുള്ള അധികാരസ്ഥാനങ്ങള്‍ ചാക്കോ സ്വന്തക്കാര്‍ക്കു നല്‍കി. പാര്‍ട്ടിയെ വളര്‍ത്തിയ പ്രവര്‍ത്തകരേയും നേതാക്കളെയും അവഗണിച്ചു. രണ്ട് എം.എല്‍.എമാരുള്ള പാര്‍ട്ടിക്കു കിട്ടിയ മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടണമെന്ന തീരുമാനം ലംഘിച്ചതായും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇവര്‍ക്കും ഇടതുപക്ഷത്തോടാണ് താല്‍പ്പര്യം.

മന്ത്രിസ്ഥാനം പങ്കിടുന്നതുസംബന്ധിച്ച് നേരത്തേ ദേശീയ നേതൃത്വം ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് തോമസ് കെ. തോമസിനെ പിന്തുണയ്ക്കുന്നവരുടെ വാദം. എന്നാല്‍, ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നാണ് ചാക്കോയും ശശീന്ദ്രനും വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനകമ്മിറ്റിയില്‍ കടുത്ത ഭിന്നതകളും ചേരിതിരിവുമാണ് നിലനില്‍ക്കുന്നതെന്നും വിമതവിഭാഗം പറയുന്നു. ദേശീയതലത്തില്‍ എന്‍.സി.പി. രണ്ടായതോടെ, എന്‍.സി.പി.(എസ്.) എന്ന പേരിലാണ് ശരദ് പവാര്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈ വിഭാഗത്തിനൊപ്പമാണ് കേരളഘടകം. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയും കേരളത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നുണ്ട്.

എല്‍.ഡി.എഫില്‍ തുടര്‍ന്നുകൊണ്ട് പുതിയ പാര്‍ട്ടി രൂപീകരണം ആലോചനയിലുണ്ടെന്നു നേതാക്കളായ പുലിയൂര്‍ ജി. പ്രകാശും ഡോ. സുനില്‍ ബാബുവും അറിയിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി പിളര്‍ന്നാല്‍ ഈ ഗ്രൂപ്പിനെ സിപിഎം ഒരിക്കലും അംഗീകരിക്കില്ല. ഇടതിലെ രണ്ടാമനായ സിപിഐയും ഈ നിലപാടില്‍ തന്നെയാണ്. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ (കെ.എഫ്.ഡി.സി) ചെയര്‍മാന്‍സ്ഥാനം കൈമാറുന്നതിനെച്ചൊല്ലിയും സംസ്ഥാന എന്‍.സി.പിയില്‍ തര്‍ക്കമുണ്ട്.

മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ലതിക സുഭാഷ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നാണ് എന്‍.സി.പിയിലെത്തിയത്. അതിനെത്തുടര്‍ന്ന് എല്‍.ഡി.എഫ് ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ വീതംവെച്ചപ്പോഴാണ് ലതിക സുഭാഷിനെ കെ.എഫ്.ഡി.സി ചെയര്‍പേഴ്സനാക്കിയത്.

മുമ്പുണ്ടാക്കിയ ധാരണ ലതിക സുഭാഷ് ലംഘിക്കുകയാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരുവിഭാഗത്തിന്റെ ആക്ഷേപം. കാലാവധിയുടെ ആദ്യപകുതി ലതിക സുഭാഷിനും രണ്ടാംപകുതി സംഘടന ചുമതലയുള്ള ജന.സെക്രട്ടറി കെ.ആര്‍. രാജനും നല്‍കാമെന്ന് ധാരണയുണ്ടായിരുന്നെന്നും അത് പാലിക്കാന്‍ ലതിക തയാറാകുന്നില്ലെന്നുമാണ് എതിര്‍പക്ഷത്തിന്റെ പരാതി. അതേസമയം, ഇത്തരത്തില്‍ മുന്‍ധാരണയൊന്നുമുണ്ടായിരുന്നില്ലെന്ന് എന്‍.സി.പിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷം രണ്ട് കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനമാണ് എന്‍.സി.പിക്ക് നല്‍കിയത്. അതിലൊന്നാണ് കെ.എഫ്.ഡി.സി അധ്യക്ഷസ്ഥാനം.

See also  തോമസ് കെ. തോമസ് മന്ത്രിയാകും എ.കെ ശശീന്ദ്രൻ ഒഴിയും

Related News

Related News

Leave a Comment