ശുചീന്ദ്രം (Sucheendram) : അനന്തപുരിയിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമിട്ട് മുന്നൂറ്റിനങ്കയുടെ എഴുന്നള്ളിപ്പ് ആരംഭിച്ചു. ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് മുന്നൂറ്റിനങ്കയെ എഴുന്നള്ളിക്കുന്നത്.
കേരള-തമിഴ്‌നാട് പൊലീസ് എഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ശുചീന്ദ്രത്തേക്ക് എത്തി. അദ്ദേഹത്തെ ക്ഷേത്ര അധികൃതർ പൊന്നാടയണിയിച്ച് സ്വീകരിച്ചു. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ആചാരപെരുമ എന്നതിലുപരി ആഘോഷത്തിന്റെ ജനകീയതയാണ് തിരുവനന്തപുരത്തെ നവരാത്രി ഉത്സവം വേറിട്ടതാക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് ശുചീന്ദ്രത്ത് നിന്നാരംഭിക്കുന്ന ഈ ഘോഷയാത്രയോടെയാണ്. തിരുവിതാംകൂർ രാജഭരണകാലത്ത് ഈ ആചാരങ്ങൾ വളരെ പ്രൗഢമായി നടന്നിരുന്നു. ശേഷം നാട്ടുരാജ്യങ്ങളെല്ലാം ഒന്നുചേർന്ന് ഇന്ത്യൻ യൂണിയനായി. പിന്നീട് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒരു ഓർഡിനൻസിലൂടെ സ്ഥാപിച്ചെടുത്ത ആചാരമാണ് നമ്മൾ ഇന്നും കൊണ്ടാടുന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. രണ്ട് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ മുന്നോട്ടുപോകുന്ന ആചാരം ജനകീയത വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവരാത്രി ആഘോഷങ്ങൾക്കായി 2016 മുതൽ മുടങ്ങാതെ ശുചീന്ദ്രത്ത് എത്താറുണ്ടെന്നും കോവിഡ് കാലഘട്ടത്തിൽ മാത്രമാണ് അതിനൊരു പ്രയാസം നേരിട്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. ഘോഷയാത്രയ്‌ക്ക് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശുചീന്ദ്രത്തുനിന്നും പത്മനാഭപുരം കൊട്ടാരത്തിലെത്തിയശേഷം ഇവിടെനിന്നുമാണ് തിരുവനന്തപുരത്തേക്ക് ഘോഷയാത്ര പുറപ്പെടുക.