നവീൻ ബാബു മരിക്കുന്നതിന് തൊട്ടുമുൻപ് ഭാര്യയുടെയും മകളുടെയും നമ്പർ അയച്ചുനൽകി; അവസാന സന്ദേശം പുലർച്ചെ 4.58ന്.

Written by Web Desk1

Published on:

കണ്ണൂർ (Kannoor) : മരിക്കുന്നതിന് മുൻപായി നവീൻ ബാബു രണ്ട് പേർക്ക് സന്ദേശം അയച്ചിരുന്നുവെന്ന് കണ്ടെത്തൽ. കണ്ണൂർ കളക്ടറേറ്റിലെ രണ്ട് ഉദ്യോ​ഗസ്ഥർക്കാണ് അവസാനമായി അദ്ദേഹം സന്ദേശമയച്ചത്. ഭാര്യ മഞ്ജുഷയുടെയും മകളുടെയും ഫോൺ നമ്പർ വാട്സ്ആപ്പ് സന്ദേശമായി അയക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4.58നായിരുന്നു നവീൻ അവസാനമായി സന്ദേശം അയച്ചത്. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത് ഒരാഴ്ച പിന്നിടുന്ന വേളയിലാണ് വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

മരിക്കുന്നതിന് മുൻപ് നവീൻ ബാബു അയച്ച സന്ദേശം ഏറെ വൈകിയാണ് ഉദ്യോഗസ്ഥ‍ർ കാണാനിടയായത്. അപ്പോഴേക്കും നവീൻ ബാബുവിന്റെ മരണവിവരവും പുറത്ത് വന്നിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരമനുസരിച്ച് 4.30നും 5.30നും ഇടയിലാണ് നവീൻ ബാബുവിന്റെ മരണം. 4.58ന് സന്ദേശം അയച്ചതായി കണ്ടെത്തിയതിനാൽ 5 മണിക്ക് ശേഷമാണ് നവീൻ ബാബു ജീവനൊടുക്കിയതെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്.

കൈക്കൂലി ആരോപണത്തെ തുടർന്ന് മനംനൊന്താണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്ന പ്രാഥമിക കണ്ടെത്തലുണ്ടെങ്കിലും യാത്രയയപ്പ് യോ​ഗത്തിന് ശേഷം എന്തെല്ലാം കാര്യങ്ങൾ സംഭവിച്ചുവെന്നതിൽ ദുരൂഹതകൾ തുടരുകയാണ്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കളക്ടർ അരുൺ കെ. വിജയന്റെ ഔദ്യോ​ഗിക വസതിയിലെത്തിയാണ് മൊഴിയെടുത്തത്.

എഡിഎം നവീൻ ബാബുവിന് വേണ്ടി നടത്തിയ യാത്രയയപ്പ് യോ​ഗത്തിലെ വിശിഷ്ട അതിഥിയായിരുന്നു കണ്ണൂർ ജില്ലാ കളക്ടർ. യോ​ഗത്തിലേക്ക് ക്ഷണിക്കാതെ എത്തിയ പിപി ദിവ്യ എഡിഎമ്മിനെ അവഹേളിച്ച് ഇറങ്ങിപ്പോയപ്പോഴും നിശബ്ദനായിരുന്നു കളക്ടർ. ജില്ലാ കളക്ടർ വിളിച്ചിട്ടാണ് യാത്രയയപ്പിൽ പങ്കെടുത്തതെന്ന് ദിവ്യ കോടതിയെ അറിയിച്ചിട്ടുണ്ട്. നവീൻ ബാബുവിനെ കരിവാരിതേയ്‌ക്കാൻ ദിവ്യക്ക് മനഃപൂർവം അവസരം ഒരുക്കി നൽകിയത് കണ്ണൂർ ജില്ലാ കളക്ടറാണെന്ന വിമർശനം ശക്തമാകുന്ന സാഹചര്യത്തിലാണ് അരുൺ കെ. വിജയന്റെ മൊഴി കൂടി പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ദിവ്യയെ ചോദ്യം ചെയ്യാൻ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല.

See also  മഹാരാജാസ് കോളേജില്‍ അനിശ്ചിതകാല സമരം

Related News

Related News

Leave a Comment