തിരുവനന്തപുരം (Thiruvananthapuram) : ജൂലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. (Two strikes have been announced this week: a private bus strike on July 8th and a national strike on the 9th.) അതിനാൽ, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്.
കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയൻ ബുധനാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ലേബർ നിയമം പരിഷ്കരിക്കുക, മിനിമം വേതനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുൻനിർത്തിയുള്ള സമരത്തിന് ഐഎൻടിയുസി ഉൾപ്പെടെയുള്ളവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വിദ്യാർഥികളുടെ കൺസഷൻ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വാഴ്ച സ്വകാര്യ ബസ് അസോസിയേഷനും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി സൂചനാ പണിമുടക്കും ഇരുപത്തി രണ്ടാം തീയതി മുതൽ അനിശ്ചിതകാല സമരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ യാത്രാ നിരക്ക് അമ്പത് ശതമാനമാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക്.
രണ്ട് പണിമുടക്കുകളും ജനജീവിതത്തെ എപ്രകാരമാകും ബാധിക്കുകയെന്ന ആശങ്കയിലാണ് ജനങ്ങൾ. ഒമ്പതാം തീയതിയിലെ ദേശീയ പണിമുടക്ക് കേരളത്തെ കാര്യമായി ബാധിക്കാൻ സാധ്യതയില്ല. ഭാഗികമായിരിക്കും പണിമുടക്ക്. ഐഎൻടിയുസി ഉൾപ്പെടെയുള്ള സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളെ പണിമുടക്ക് ബാധിച്ചേക്കും.