തിരുവനന്തപുരം : ഐഎഎസ് തലപ്പത്തുളള പോര് തുടരുന്നു. അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ച് സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് ഐഎഎസ്. അസാധാരണ രീതിയിലുളള കത്തെഴുതിയതില്‍ സര്‍ക്കാര്‍ അതൃപ്തിയിലാണ്. ഏഴ് ചോദ്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നത്.
ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ജയതിലകും ഗോപലകൃഷ്ണനും ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. പിന്നെ സര്‍ക്കാര്‍ സ്വന്തം നിലയില്‍ മെമോ നല്‍കുന്നതില്‍ എന്ത് യുക്തിയുണ്ടെന്നാണ് പ്രശാന്തിന്റെ ചോദ്യം. സസ്‌പെന്റ് ചെയ്യുന്നതിന് മുമ്പോ ചാര്‍ജ് മെമ്മോ നല്‍കുന്നതിന് മുമ്പോ എന്ത് കൊണ്ട് തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ല, ചാര്‍ജ് മെമ്മോക്കൊപ്പം വെച്ച തന്റെ ഫേസ് ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ആരാണ് ശേഖരിച്ചത്? ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്നാണിത് ശേഖരിച്ചത് ? ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. തനിക്ക് കൈമാറിയ സ്‌ക്രീന്‍ ഷോട്ടില്‍ കാണുന്നത് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടാണ്. അങ്ങിനെയെങ്കില്‍ ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടില്‍ നിന്നാണ് ചാര്‍ജ് മെമ്മോ തയ്യാറാക്കിയതെന്ന് വ്യക്തം. ഇതിന് ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നാണ് വാദം.സ്വകാര്യ വ്യക്തി ശേഖരിച്ചതാണെങ്കില്‍ ഇതെങ്ങനെ സര്‍ക്കാരിന്റെ ഫയലില്‍ കടന്നു കൂടിയെന്ന് അടുത്ത ചോദ്യം? ഐടി നിയമപ്രകാരം സര്‍ട്ടിഫൈ ചെയ്ത് കൃത്രിമം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടാണോ ഡിജിറ്റല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ ശേഖരിച്ചതെന്നും പ്രശാന്ത് ചോദിക്കുന്നു.
അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് എന്‍ പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്.