ആലപ്പുഴ (Alappuzha) : മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. (CPM state secretary MV Govindan said that a slight change will have to be made in the funeral schedule of former Chief Minister VS Achuthanandan.) അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. അതേസമയം, ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കി.
എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്. പേമാരിയേയും സമയത്തെയും അവഗണിച്ച് ആയിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ വഴിയരികിൽ ഒഴുകിയെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്ത് മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്.
എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 20 മണിക്കൂർ പിന്നിടുമ്പോഴും ആലപ്പുഴയിലെ തോട്ടപ്പിള്ളിയിലെ എത്തിയിട്ടുള്ളു. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാതിരാനേരത്തും കാത്തുനിന്നത്. ഇനി 16 കിലോമീറ്റർ കൂടിയാണ് പുന്നപ്രയിലെത്താന്‍ ഉള്ളത്.
മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം.