Thursday, April 3, 2025

അമ്പലനിർമ്മാണം ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നെന്ന് എം.വി ​ഗോവിന്ദൻ

Must read

- Advertisement -

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും ചേരിതിരിവുണ്ടാക്കാനും ബ്രിട്ടീഷുകാർ നടത്തിയ ശ്രമത്തിന്റെ ആവർത്തനമാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്ന ബിജെപി രാമക്ഷേത്രം ഉയർത്തി പ്രകോപനമായ രീതിയിൽ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി​ ​ഗോവിന്ദൻ. മതനിരപേക്ഷതയ്‌ക്കെതിരായ ശക്തമായ കടന്നാക്രമണം അവർ തുടരുന്നു. വിശ്വാസത്തെ രാഷ്ട്രീയവൽക്കരിക്കുകയെന്ന വർഗീയ സമീപനമാണ് അവർ സ്വീകരിക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ അമ്പല നിർമാണവും രാഷ്ട്രീയ ആയുധമാക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

പൂർത്തിയാവാത്ത രാമക്ഷേത്രമാണ് ഉദ്ഘാടനം ചെയ്യാൻ പോവുന്നത്. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായുള്ള ഇന്ധനം പോലെയാണ് രാമക്ഷേത്രത്തെ അവർ കൈകാര്യം ചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരാണെന്ന നിലപാടാണ് ശങ്കരാചാര്യന്മാർ സ്വീകരിച്ചത്. വിശ്വാസികൾ തന്നെ എതിരായിട്ടും രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി, വിശ്വാസികളെ രാഷ്ട്രീയമായി സംഘടിപ്പിക്കാനായി നടത്തുന്ന പ്രവർത്തനമാണിത്.

എല്ലാ ഹിന്ദു വിഭാഗങ്ങൾക്കും ക്ഷേത്രപ്രവേശനമെന്നത് ഇപ്പോഴും ആർഎസ്എസ് പൂർണമായും അംഗീകരിച്ചിട്ടില്ല. ചാതുർവർണ്യ വ്യവസ്ഥയുടെ ഏറ്റവും വലിയ വക്താക്കളാണ് അവരെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും രാമനാപം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നാവശ്യപ്പെട്ട് വിവാദത്തിലായ ​ഗായിക കെ.എസ് ചിത്രയ്‌ക്കെതിരായ വിമർശനത്തോടും എം.വി ഗോവിന്ദൻ പ്രതികരിച്ചു.

ലോകം ശ്രദ്ധിക്കുന്ന പാട്ടുകൾ രാജ്യത്തിന് നൽകിയ പ്രതിഭയാണ് ചിത്ര. അവരെടുത്തൊരു നിലപാടുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അതിന്റെ പേരിൽ നടക്കുന്ന ചിത്രയ്‌ക്കെതിരായ നീക്കത്തോട് സിപിഎമ്മിന് യോജിപ്പില്ല.

നേരത്തെ ശോഭന ബിജെപി പരിപാടിയിൽ പോയപ്പോഴും പാർട്ടി നിലപാട് പറഞ്ഞതാണ്. ഇന്ത്യയിൽ ഏറ്റവും പ്രമുഖ നർത്തകിയും നടിയുമാണ്. പ്രതിഭയാണ്. ഇവരെല്ലാം ഈ നാടിന്റെ പൊതുസ്വത്താണെന്നും അവരെ ഏതെങ്കിലും കള്ളിയിലാക്കി അങ്ങോട്ടുമിങ്ങോട്ടും മാറ്റേണ്ട കാര്യമില്ല. എന്നാൽ അവരുടെയൊക്കെ നിലപാടുമായി ബന്ധപ്പെട്ട് വിമർശിക്കാൻ അവകാശമുണ്ട്.

മോഹൻലാലും മമ്മൂട്ടിയും സിനിമാ രംഗത്തെ അതികായകരും രാജ്യത്തിന്റെ സ്വത്തല്ലേ. പ്രമുഖരായ എം.ടി, എം. മുകുന്ദൻ… ഇവരെയെല്ലാം ഏതെങ്കിലുമൊരു പദപ്രയോഗത്തിന്റെ പേരിൽ തള്ളിപ്പറയേണ്ട കാര്യമില്ല. അവരെല്ലാം രാജ്യത്തിന്റെ സ്വത്താണെന്ന രീതിയിൽ കാണണം. ചിത്രയുടെ കാര്യത്തിലും പാർട്ടിയുടെ നിലപാട് അതാണ്- എം.വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

See also  അയോധ്യ രാമക്ഷേത്രത്തിൽ ദർശന സമയം നീട്ടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article