കോഴിക്കോട്: മലയാളത്തിന്റെ സുകൃതം എം.ടി. വാസുദേവന്‍ നായര്‍ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്. കൈവെച്ച മേഖലകളില്‍ എല്ലാം ‘ഉയരങ്ങളില്‍’ എത്തിയ പ്രതിഭാശാലിയായിരുന്നു എം.ടി. മലയാള ഭാഷയ്ക്ക് ‘രണ്ടാമൂഴം’ നല്‍കിയ എഴുത്തിന്റെ ‘ഓളവും തീരവും’ ഇനി എന്നേക്കും അക്ഷരലോകത്ത് ഓര്‍മ്മയായി നിലകൊള്ളും.
ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസമായി എം ടി വാസുദേവന്‍ നായര്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു. 91 വയസായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയിരുന്നു. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കുകയും ചെയ്തു. മരണ സമയത്ത് ഭാര്യയും മകളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ടായിരുന്നു.