എം.ടി. എഴുതിയ നാലുപാട്ടുകളും അയാളമായി
മലയാളത്തിന്റെ കഥാകാരനായ എം.ടി. വാസുദേവന്‍നായരുടെ തൂലികയില്‍ നിന്നും പാട്ടുകള്‍ കൂടി പിറന്നിരുന്നൂവെന്നത് അത്രയധികം ശ്രദ്ധിക്കാതെപോയ ഒരേടാണ്. എം.ടി.യുടെ സാഹിത്യരചനയുടെ തുടക്കംതന്നെ കവിതകളിലൂടെയായിരുന്നു. ചങ്ങമ്പുഴയുടെ കവിതകളായിരുന്നു പ്രചോദനം. പിന്നെ പതിയെപ്പതിയെ കഥാരചനയുടെ താളത്തിലേക്ക് എം.ടിയുടെ മനസ് പതിഞ്ഞു. മനസിലെവിടെയോ നഷ്ടപ്പെടാതെ കിടന്ന കവിതയുടെ താളം പിന്നേട് കണ്ടത് ഒരിക്കല്‍ മാത്രം.
1981 -ല്‍ സുകുമാരനെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത വളര്‍ത്തുമൃഗങ്ങള്‍ എന്ന ചിത്രത്തില്‍ തിരക്കഥയ്‌ക്കൊപ്പം എം.ടി. പാട്ടുകളും എഴുതി.
1954-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട എം.ടിയുടെ തന്നെ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന ചെറുകഥയായിരുന്നു ഹരിഹരന്‍ സിനിമയാക്കിയത്. ഒരിക്കല്‍ പാലക്കാട്ട് നടന്ന സര്‍ക്കസ് ഷോ കാണാന്‍ പോയ എം.ടിയുടെ മനസില്‍ പതിഞ്ഞത് സര്‍ക്കസ് കലാകാരന്മാരുടെ ജീവിതമായിരുന്നു. മൃഗങ്ങള്‍ക്കൊപ്പം മനുഷ്യരും ഒരു കൂടാരത്തിനുള്ളില്‍ അനുഭവിക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് പിന്നേട് ചെറുകഥയായി മാറിയത്. സര്‍ക്കസ് ക്യാമ്പിനുള്ളില്‍ യഥാര്‍ത്ഥ വളര്‍ത്തുമൃഗങ്ങളായി മാറിയ മനുഷ്യരുടെ ആ ജീവിതം ഹരിഹരന്‍ സിനിമയാക്കിയപ്പോള്‍ കഥ, തിരക്കഥ, സംഭാഷണത്തിനൊപ്പം എം.ടി പാട്ടുകളും എഴുതി.
സര്‍ക്കസ് കലാകാരന്മാരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് വരികളിലൂടെ എം.ടി. തുറന്നുകാട്ടിയത്.
”കാക്കാലന്‍ കളിയച്ഛന്‍
കണ്ണുതുറന്നുറങ്ങുന്നു..!!
കരിമറയ്ക്കകമിരുന്നു
വിരല്‍പത്തും വിറയ്ക്കുന്നു..!!
കിഴവന്റെ കൈപ്പിടി ചരടുകള്‍ ഇളകുമ്പോള്‍
കരയുന്നു, ചിരിക്കുന്നു, പൊരുതുന്നു, മരിക്കുന്നു…”
എന്ന പാട്ട് കെ.ജെ. യേശുദാസായിരുന്നു ആലപിച്ചത്.
എം.ടിയുടെ വരികളുടെ ആഴം തിരിച്ചറിഞ്ഞ് എം.ബി.ശ്രീനിവാസനാണ് ഈണം പകര്‍ന്ന നാലുപാട്ടുകളാണ് ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന സിനിമയില്‍ ഉള്ളത്.
‘കര്‍മ്മത്തിന്‍ പാതകള്‍ വീഥികള്‍
ദുര്‍ഘടവിജന പഥങ്ങള്‍
കളിയുടെ ചിരിയുടെ വ്യഥയുടെ
ഭാണ്ഡക്കെട്ടുകള്‍ പേറിവരുന്നവര്‍
അനന്തദുഷ്‌കരവിജനപഥങ്ങള്‍
അകലത്തെ കൂടാരങ്ങള്‍ തേടിവരുന്നവര്‍’ – എന്ന ഗാനത്തിലൂടെ തൊഴിലാളി ജീവിതങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ചാണ് എം.ടി പറയുന്നത്. ഇവയെല്ലാം എംടിയുടെ ഗാനരചനാവൈഭവം വെളിപ്പെടുത്തുന്നവയാണ്.
‘ശുഭ രാത്രി..ശുഭരാത്രി
നിങ്ങള്‍ക്കു നേരുന്നു
ശുഭരാത്രി…!!!
ഊരുതെണ്ടുമൊരു ഏകാന്തപഥികനു
കാവല്‍ നില്‍ക്കും താരസഖികളേ…’ – എന്ന വിരഹഗാനവും
‘ഒരു മുറിക്കണ്ണാടി ഒന്നുനോക്കി
എന്നെ ഒന്നുനോക്കി
അറിഞ്ഞില്ല, ഞാനിന്നെന്നെ അറിഞ്ഞില്ല’
എന്ന പി. സുശീല പാടിയ പ്രണയഗാനവും എം.ടിയുടെ പാട്ടെഴുത്തിന്റെ തനതുവഴികളായി തീര്‍ന്നു.
നിരവധി സിനിമകള്‍ക്ക് കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയെങ്കിലും പിന്നേടൊരിക്കലും എം.ടിയുടെ എഴുത്തിന്റെ വഴിയില്‍ പാട്ടുകള്‍ പിറക്കാതെ പോയി. കാരണമെന്തെന്ന് ഇക്കാലമത്രയും ആരും അദ്ദേഹത്തോടു ചോദിച്ചിട്ടുമില്ല. അതുപറയാന്‍ എം.ടി. ഇനി നമ്മോടൊപ്പവുമില്ല.