കോഴിക്കോട്: മുഖ്യമന്ത്രിയെ വേദിയിലിരുത്തി അധികാര ദുർവിനിയോഗവും വ്യക്തിപൂജയുമടക്കമുള്ള വിഷയങ്ങളിൽ രൂക്ഷ വിമർശനവുമായി എം.ടി വാസുദേവൻ നായർ. രാഷ്ട്രീയമെന്നാൽ ഏത് വിധേനയും അധികാരം നേടിയെടുക്കാനുള്ള മാർഗ്ഗമായി ഇന്ന് മാറിയെന്ന പറഞ്ഞ എം.ടി വ്യക്തിപൂജകളിൽ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ എം എസിനെ കണ്ടിരുന്നില്ലെന്നും പരാമർശിച്ചു. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും സന്നിഹിതരായിരുന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിലാണ് എം.ടി അധികാര കേന്ദ്രീകരണത്തിനെത്തിരെ തുറന്നടിച്ചത്.
നയിക്കാൻ കുറച്ച് പേരും നയിക്കപ്പെടാനായി അനേകരും എന്ന പ്രാകൃതമായ സങ്കൽപ്പത്തിന് എതിരായിരുന്നു ഇ എം എസ്. അത് മാറ്റിയെടുക്കാനാണ് അദ്ദേഹം എപ്പോഴും പരിശ്രമിച്ചത്. എന്നാൽ ഇന്ന് രാഷ്ട്രീയമെന്നാൽ അധികാരം കൈയ്യാളാനുള്ള അംഗീകൃത മാർഗ്ഗമായി മാറിക്കഴിഞ്ഞു.അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാം. അധികാരമെന്നാൽ ജനസേവനത്തിനുള്ള മഹത്തായ അവസരമാണെന്ന സിദ്ധാന്തത്തെ നാം എന്നെ കുഴിച്ചുമൂടി കഴിഞ്ഞൂവെന്നും ഇന്നത്തെ കാലത്ത് പാർലമെന്റിലോ അസംബ്ലിയിലോ ഒരു പ്രതിനിധിയായാൽ ആധിപത്യം സ്ഥാപിക്കാനുള്ള അവസരമായാണ് കാണുന്നതെന്നും എം.ടി കുറ്റപ്പെടുത്തി.
ആൾക്കൂട്ടത്തെ കൈയ്യിലെടുക്കാനും ക്ഷോഭിപ്പിക്കാനും എളുപ്പത്തിൽ സാധിക്കും. എന്നാൽ എന്തെങ്കിലുമൊരു തെറ്റുപറ്റിയാൽ അത് അംഗീകരിക്കുന്ന പതിവ് ഇന്നിവിടുള്ള ഒരു മഹാരഥനുമില്ല. എന്നാൽ ആൾക്കൂട്ടങ്ങളെ ഉത്തരവാദിത്വമുള്ള സമൂഹമാക്കി മാറ്റാനുള്ള അവസരമാണ് അധികാരമെന്ന് വിശ്വസിച്ചതുകൊണ്ടാണ് ഇ എം എസ് സമാരാധ്യനായ നേതാവായതെന്നും എം ടി ഓർമ്മിപ്പിച്ചു. എം.ടി യുടെ മുഖ്യപ്രഭാഷണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു.