Friday, April 4, 2025

പതിനെട്ട് വർഷം മുമ്പ് ആദൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പതിമൂന്നു വയസുള്ള മകളുടെ തലയോട്ടി അടങ്ങിയ കാർഡ്‌ബോർഡ് പെട്ടി കോടതിയിൽ നിന്ന് ഏറ്റുവാങ്ങി ഉമ്മ

Must read

- Advertisement -

കാസര്‍കോട്: കണ്ട് നിന്നവരെ കണ്ണീരിലാഴ്ത്തി ഉമ്മയുടെ കരച്ചില്‍. പതിനെട്ട് വര്‍ഷം മുമ്പ് ആദൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പതിമൂന്നു വയസുള്ള മകളുടെ തലയോട്ടി അടങ്ങിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടി കോടതിയിലെ തൊണ്ടിമുറിയില്‍ നിന്ന് ഏറ്റുവാങ്ങിയ ആയിഷ നിലവിളിയോടെ തളര്‍ന്നുവീണു. കുട്ടിയുടെ പിതാവ് മൊയ്തുവും അമ്മാവന്‍ അല്‍ത്താഫും വിങ്ങിപ്പൊട്ടി. തലയോട്ടിയും മറ്റും സിതാംഗോളി മുഹിമാത്തില്‍ എത്തിച്ച്ശുദ്ധികര്‍മ്മവും മയ്യത്ത് നിസ്‌ക്കാരവും നടത്തിയശേഷം കുടക് അയ്യങ്കേരി മൊഹ്യുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തിലേക്ക് കൊണ്ടുപോയി രാത്രി തന്നെ കബറടക്കി.
കരാറുകാരനായിരുന്ന കാസര്‍കോട് മുളിയാര്‍ മാസ്തിക്കുണ്ട് സ്വദേശി കെ.സി.ഹംസയുടെ വീട്ടില്‍ ജോലിക്ക് നിന്നതായിരുന്നു കുടക് അയ്യങ്കേരി സ്വദേശികളായ മൊയ്തുവിന്റെയും ആയിഷയുടെയും മകള്‍ സഫിയ. കുട്ടിയെ ഹംസ ഗോവയിലെ സ്വന്തം ഫ്‌ളാറ്റിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വെട്ടിമുറിച്ച് അവിടെ പണി നടക്കുകയായിരുന്ന ഡാം സൈറ്റില്‍ കുഴിച്ചിടുകയായിരുന്നു.

2006 ഡിസംബറില്‍ ആയിരുന്നു കൊലപാതകം. 2008 ജൂണ്‍ അഞ്ചിനാണ് തലയോട്ടിയും കുറച്ച് അസ്ഥിക്കഷ്ണങ്ങളും കണ്ടെടുത്തത്. ഇത് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ സൂക്ഷിച്ചിക്കുകയായിരുന്നു. വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചെങ്കിലും അപ്പീലില്‍ ഹൈക്കോടതി ജീവപര്യന്തമാക്കി. അതിനുശേഷമാണ് മതാചാരപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ ജില്ലാകോടതിയില്‍ ഹര്‍ജി നല്‍കിയത്.കൊലപാതകമാണെന്ന് കണ്ടെത്തിയത് പ്രക്ഷോഭം നടത്തിയ ആക്ഷന്‍ കമ്മിറ്റിയുടെ സജീവമായ ഇടപെടലിലൂടെയാണ്. പ്രതി ഹംസയുടെ ഗോവയിലെ ബന്ധങ്ങള്‍ കണ്ടെത്തി ക്രൈംബ്രാഞ്ചിന് വിവരം നല്‍കിയതിലൂടെയാണ് അന്വേഷണം അവിടേക്ക് നീണ്ടതും പ്രതി പിടിയിലായതും.കുടകിലെ കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന മൊയ്തുവിന്റെ ആറു മക്കളില്‍ മൂത്തവളായ സഫിയ മാസ്തികുണ്ടിലെ കരാറുകാരന്‍ ഹംസയുടെ വീട്ടിലെ ജോലിക്കിടയില്‍ നേരിട്ടത് അതിക്രൂരമായ പീഡനമായിരുന്നു. ശരീരം പൊള്ളിക്കുക, തിളച്ചവെള്ളം ശരീരത്തില്‍ ഒഴിക്കുക എന്നിങ്ങനെയുള്ള ക്രൂരത പതിവായതോടെ സ്വന്തം വീട്ടിലേക്ക് പോകാന്‍ പെണ്‍കുട്ടി ബഹളം കൂട്ടിയിരുന്നു. ഇതോടെയാണ് സഫിയയെ ഗോവയിലെ പണി സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

ശരീരം കഷണങ്ങളാക്കി താന്‍ കരാര്‍ ഏറ്റെടുത്ത ഡാമിന്റെ സൈറ്റില്‍ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടി. വെറുമൊരു മിസിംഗ് കേസായി പൊലീസ് അന്വേഷിച്ച് കൈമലര്‍ത്തിയതോടെ, പിതാവ് നിരാശനായി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാസര്‍കോട്ടെ ചില സാമൂഹ്യപ്രവര്‍ത്തകരുടെ ശ്രദ്ധയിലെത്തുന്നത്. പിന്നാലെ ആക്ഷന്‍ കമ്മിറ്റി സമരം തുടങ്ങി. 2012ല്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തിയ കേസില്‍ 2015 ല്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതിയെ തൂക്കികൊല്ലാന്‍ വിധിക്കുകയായിരുന്നു. ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു.

See also  12 വ​ർഷത്തോളം ശ്വാസകോശത്തിൽ തറച്ചിരുന്ന മൂക്കുത്തി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article