സംസ്ഥാനത്ത് തുടര്‍ച്ചയായി വന്യജീവി ആക്രമണങ്ങള്‍; വനം വകുപ്പിന്റെ താല്‍ക്കാലിക ചുമതല മന്ത്രി കെ രാജന് കൈമാറും?

Written by Taniniram

Published on:

സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വനം വകുപ്പിന്റെ ചുമതല മന്ത്രി കെ രാജന് താല്‍ക്കാലികമായി കൈമാറാന്‍ ആലോചിക്കുന്നതായി സൂചന. മന്ത്രി എ കെ ശശീന്ദ്രന്‍ ചികിത്സക്ക് പോവുന്നതിനാലാണ് ഈ മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നത്.

ഇന്ന് രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന, കാട്ടുപോത്ത് ആക്രമണങ്ങളിലായി സ്ത്രീയും കര്‍ഷകനുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.അതിരപ്പിള്ളി വാച്ച്മരം കോളനിയിലാണ് കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചത്. ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സ (62)യെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഇന്നലെ നേര്യമംഗലത്തും കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടിരുന്നു.

കോഴിക്കോട് കക്കയത്താണ് വീണ്ടും കാട്ടുപോത്ത് ആക്രമണമുണ്ടായത്. കൃഷിയിടത്തില്‍ നില്‍ക്കുകയായിരുന്ന പാലാട്ടി അബ്രഹാം (70) എന്നയാളെ കാട്ടുപോത്ത് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കക്ഷത്തില്‍ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Comment