കൊച്ചി (Kochi) നേരം വൈകി ഓടിക്കിതച്ചുവന്ന് മെട്രോ (Metro) യിൽ കയറാൻ നിൽക്കുമ്പോൾ ടിക്കറ്റ് എടുക്കാൻ വരിനിൽക്കുന്ന കാര്യം കൂടി ആലോചിക്കാനാവില്ല അല്ലേ? ഇനിമുതൽ വരി നിൽക്കാതെ ആർക്കും എവിടെ നിന്നും മെട്രോ ടിക്കറ്റ് (Metro ticket) എടുക്കാനുള്ള സംവിധാനം ലഭ്യമായിരിക്കുന്നു. ഇതിനായി നിങ്ങളുടെ ഫോണിൽ വേണ്ടത് ഫോൺപേ, പേടിഎം, യാത്രി, റാപ്പിഡോ, റെഡ്ബസ് എന്നിങ്ങനെ അഞ്ചു ആപ്പുകളിൽ ഏതെങ്കിലും ഒന്നുമാത്രം. കെ.എം.ആർ.എല്ലും ഇ കൊമേഴ്സ് കമ്പനിയായ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സും (KMRL and e-commerce company Open Network for Digi and Tal Commerce) (ഒ.എന്‍.ഡി.സി.) ചേർന്നാണ് പുതിയ ടിക്കറ്റിങ് സംവിധാനത്തിന് തുടക്കമിട്ടത്. വ്യാഴാഴ്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ സർവിസുകൾക്ക് തുടക്കമായി. ചെന്നൈ മെട്രോയാണ് ഒ.എന്‍.ഡി.സിയുമായി ചേർന്ന് ഇതേ സംവിധാനം ആരംഭിച്ച ആദ്യ മെട്രോ സർവിസ്. രണ്ടാമത്തേത് കൊച്ചി മെട്രോയും. കൊച്ചി മെട്രോക്കുള്ള ഒറ്റ യാത്ര, മടക്ക യാത്ര ടിക്കറ്റുകള്‍ എന്നിവ ആപ്പുകളിലൂടെ എടുക്കാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതില്ലാത്ത ഈ ഓൺലൈൻ ടിക്കറ്റുകൾ മെട്രോ സ്റ്റേഷനിലെ എൻട്രൻസിൽ സ്കാൻ ചെയ്താൽ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാം.
വരുന്നു ഗൂഗ്ൾ മാപ്സിലും ബുക്കിങ്
ആപ്പുകളിൽ മാത്രമല്ല, ഗൂഗ്ൾ മാപ്പ്സിലൂടെയും ടിക്കറ്റ് ബുക്കിങിനുള്ള സംവിധാനം ഒരുക്കാനിരിക്കുകയാണ് കൊച്ചി മെട്രോ. മാപ്പിൽ നമുക്ക് പോകാനുള്ള ഇടം സെർച്ച് ചെയ്താൽ പോകുന്ന വഴിയിൽ മെട്രോ സ്റ്റേഷനുണ്ടെങ്കിൽ ടിക്കറ്റ് ബുക് ചെയ്യാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുക. ഭാവിയില്‍ യൂബർ, ഈസ് മൈ ട്രിപ്പ് തുടങ്ങിയവയിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. കൂടാതെ മെട്രോ ടിക്കറ്റ്, ഇതിനുശേഷം മെട്രോ ഫീഡർ ഓട്ടോ ചാർജ് എന്നിവ ഒറ്റയടിക്ക് എടുക്കാവുന്ന തരത്തിലുള്ള സംവിധാനവുമുണ്ടാവും.
വാട്ട്സ് ആപ്പിലും ടിക്കറ്റ് എടുക്കാം
വാട്ട്സ് ആപ്പ് ക്യൂ ആർ കോഡ്, കൊച്ചി വൺ ആപ്പ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ടിക്കറ്റ് എടുക്കുന്നതിനുള്ള സംവിധാനം ഇതിനകം തന്നെ കൊച്ചി മെട്രോയിലുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലാണ് വാട്ട്സപ്പ് ടിക്കറ്റിങ് മെട്രോയിൽ ആരംഭിച്ചത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു മിനിറ്റുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. മെട്രോ യാത്രികരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്ന സാഹചര്യത്തിൽ സ്റ്റേഷനുകളിലെ തിരക്കും ഉപഭോക്താക്കൾ ക്യൂവിൽ നിൽക്കുന്നതും ഒഴിവാക്കാനാണ് ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൊച്ചി മെട്രോ വ്യാപകമാക്കുന്നത്.