മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ പ്രശ്‌നം നിയമപോരാട്ടത്തിലേക്ക്… ബസിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകം

Written by Taniniram

Published on:

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ നല്‍കുന്ന കേസിനായി ഏതറ്റംവരെയും നിയമപോരാട്ടം നടത്തുമെന്ന് ഡ്രൈവര്‍ എല്‍.എച്ച്.യദു പറയുമ്പോള്‍ കോടതിയില്‍ കരുതലോടെയുള്ള തീരുമാനം എടുക്കാന്‍ പോലീസ്. യദു ഓട്ടിച്ചിരുന്ന ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ അതിനിര്‍ണ്ണായകമാകും. അതിനിടെ ഈ ദൃശ്യങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ എല്ലാ മുന്‍കരുതലും കെ എസ് ആര്‍ ടി സി എടുക്കും. ദൃശ്യങ്ങള്‍ കെ എസ് ആര്‍ ടി സി പരിശോധിച്ചിട്ടുണ്ട്. എങ്കിലും മേയര്‍ കൂടി കടന്നുവെന്ന വിഷയമായതു കൊണ്ട് ആ വിവരങ്ങള്‍ പുറത്തു പറയില്ല.

അതിനിടെ ബസിനുള്ളിലെ സിസിടിവിയില്‍ ഡ്രൈവറുടെ ഫ്രെയിമില്ല. റോഡിലേയും ബസിനുള്ളിലേയും ദൃശ്യങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ ലൈംഗീക ചേഷ്ട കാണിച്ചുവെന്നതിനുള്ള തെളിവ് ബസില്‍ നിന്നും കിട്ടില്ലെന്ന വാദവും ശക്തമാണ്. ഇതേ ബസിലുണ്ടായിരുന്ന കണ്ടക്ടറുടെ മൊഴി നിര്‍ണ്ണായകമാകും. ലൈംഗീക ചേഷ്ട കാണിക്കുന്നത് കണ്ടില്ലെന്നാണ് കണ്ടക്ടര്‍ ബന്ധപ്പെട്ടവരോട് പറയുന്നത്. മേയറാണ് ചോദ്യങ്ങളുന്നയിച്ചതെന്ന് യൂണിവേഴ്സിറ്റി കോളേജിന് മുന്നിലുണ്ടായിരുന്നവര്‍ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ആരായാലും കുഴപ്പമില്ലെന്ന ധാര്‍ഷ്ട്യം ഡ്രൈവര്‍ കാട്ടിയെന്നാണ് ആരോപണം.

പ്ലാമൂട് ഭാഗത്തു വച്ച് ഓവര്‍ടേക്കിംഗ് പ്രശ്നം ഉയര്‍ന്നിരുന്നു. ഇതിന് ശേഷം കണ്‍ട്രോള്‍ റൂമിനെ അറിയിച്ച് ബസിന് പിറകെ മേയര്‍ തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ വരണമായിരുന്നു. അവിടെ വച്ച് ഡ്രൈവറെ ചോദ്യം ചെയ്തിരുന്നുവെങ്കില്‍ ഇത്രയധികം പ്രശ്നം ഉണ്ടാകില്ലായിരുന്നുവെന്ന വാദം സിപിഎമ്മിനുള്ളില്‍ പോലും ശക്തമാണ്. റോഡില്‍ കാര്‍ കുറുകെ ഇട്ടതും പ്രശ്നമുണ്ടാക്കിയതുമെല്ലാം അഹങ്കാരമായി പലരും വിലയിരുത്തി. പ്രശ്നത്തോട് ചിന്തയോടെ പെരുമാറിയെങ്കില്‍ ഡ്രൈവര്‍ക്കെതിരെ കെ എസ് ആര്‍ ടി സിയ്ക്ക് ഉടന്‍ നടപടി എടുക്കേണ്ട സാഹചര്യവും ഉണ്ടാകുമായിരുന്നു.

അതിനിടെ മേയര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ യദു നടത്തികഴിഞ്ഞു. മേയറാണെന്നുള്ള ഇഗോയാണ് ആര്യ രാജേന്ദ്രന്‍ കാണിച്ചത്. മേയര്‍ പറഞ്ഞതെല്ലാം തെറ്റാണെന്നും തെളിഞ്ഞു കഴിഞ്ഞതായും യദു പറഞ്ഞു. തനിക്കെതിരെ 2017ല്‍ കേസുണ്ടെങ്കില്‍ കോടതി രേഖകള്‍ നോക്കി അക്കാര്യം മനസിലാക്കാമെന്ന് യദു പറഞ്ഞു. കേസ് ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിക്ക് എടുക്കില്ല. അന്നത്തെ കേസില്‍ കോടതി വെറുതേ വിട്ടിരുന്നു. ഒരു വനിതയുടെ പരാതിയിലാണ് കേസെടുത്തത്. അവരുടെ ഭാഗത്തുണ്ടായ തെറ്റിദ്ധാരണയാണെന്ന് വിചാരണഘട്ടത്തില്‍ കോടതിയില്‍ പരാതിക്കാരി സമ്മതിച്ചിരുന്നു. ആ കേസാണ് ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ കുത്തിപൊക്കുന്നത്-ഇതാണ് യദു പറയുന്നത്.

ആ കേസും രാഷ്ട്രീയപരമായ കേസാണ്. തനിക്ക് പാര്‍ട്ടി ഉണ്ടായിരുന്നെങ്കില്‍ ഇടപെടുമായിരുന്നു. പാര്‍ട്ടി ഇല്ലാത്തതിനാല്‍ തന്റെ ഭാഗം സംസാരിക്കാന്‍ അന്നും ആളില്ലായിരുന്നു. നിയമ മാര്‍ഗത്തിലൂടെയാണ് അന്നും രക്ഷപ്പെട്ടതെന്നും യദു പറഞ്ഞു. മേയര്‍ക്കെതിരെ പരാതി കൊടുത്തെങ്കിലും കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കെതിരെ കേസെടുത്തു എന്നാണ് പൊലീസ് തന്ന റസീപ്റ്റില്‍ പറയുന്നത്. മേയര്‍ പരാതി കൊടുക്കുന്നതിനു മുന്‍പാണ് താന്‍ പരാതി കൊടുത്തത്. അത് പൂഴ്ത്തി വച്ചു. പരാതിയില്‍ മേയറുടെ പേര് പറഞ്ഞിട്ടില്ല. 5 പേരുണ്ടെന്നാണ് പരാതിയില്‍ പറഞ്ഞത്. പരാതി നല്‍കിയെങ്കിലും പൊലീസ് റസീപ്റ്റ് തന്നില്ല.

പിറ്റേദിവസം രാവിലെ പത്തരവരെ സ്റ്റേഷനില്‍ പിടിച്ചിരുത്തി. അതിനുശേഷം പിന്നെയും വൈകിയാണ് റസീപ്റ്റ് ലഭിച്ചത്. ഡ്രൈവര്‍മാരെ ബുദ്ധിമുട്ടിക്കുമ്പോള്‍ ഡ്രൈവറായ താന്‍ പ്രതികരിക്കണം. പാര്‍ട്ടിയെന്ന നിലയിലല്ല, ഡ്രൈവറെന്ന നിലയില്‍ എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്. കോഴിക്കോടുനിന്നുപോലും ആളുകള്‍ വിളിക്കുന്നുണ്ടെന്നും യദു വിശദീകരിച്ചു.

Related News

Related News

Leave a Comment