കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട വിഷയത്തില്‍ കോതമംഗലത്ത് നടന്ന സമരങ്ങളുടെ പേരില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അര്‍ധരാത്രി അറസ്റ്റിലായി.
(Mathew kuzhalnadan MLA and Ernakulam DCC President Muhammad Shias arrested) എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയുടേയും നേതൃത്വത്തില്‍ അനിശ്ചിതകാല ഉപവാസം ഏഴുമണിയോടെ ആരംഭിച്ചിരുന്നു. സമരപ്പന്തലില്‍ നിന്നാണ് മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്ത് നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. ആശുപത്രി സംരക്ഷണ നിയമപ്രകാരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ മാത്യുകുഴല്‍നാടനെതിരേ ചുമത്തിയിരുന്നു.
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് കോതമംഗലത്ത് പ്രതിഷേധം നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കോതമംഗലം ടൗണിലാണ് പ്രതിഷേധം നടന്നത്. മൃതദേഹവും വഹിച്ച് റോഡിലൂടെ പ്രതിഷേധവുമായി നീങ്ങിയ നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
അറസ്റ്റിനെത്തുടര്‍ന്ന് തിരുവനന്തപുരത്തും അര്‍ധരാത്രിയില്‍ സംഘര്‍ഷമുണ്ടായി. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു സമരം.