കൊച്ചി: മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസര്‍കോട് സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസുമായി ബന്ധ്‌പ്പെട്ട സ്വഭാവിക നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. കേസ് നടത്തിപ്പിലെ വീഴ്ച്ചകള്‍ അടക്കം വിശദമായി ഹൈക്കോടതി ഇനി പരിശോധിച്ചു. കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികളെ കുറ്റമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്.
സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.സുരേന്ദ്രന് നോട്ടീസ് അയക്കും. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം-ആര്‍എസ്എസ് ഡീലിന്റെ ഭാഗമായാണെന്ന ആരോപണം പ്രതിപക്ഷം ശക്തിമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രനടക്കമുള്ളവര്‍ വിടുതല്‍ ഹരജി നല്‍കി. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ആറുപ്രതികളെയും കേസില്‍ നിന്ന് ഒഴിവാക്കിയത്.
അതേസമയം കേസില്‍ പൊലീസിന് വീഴ്ചയെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചത് സമയ പരിധി കഴിഞ്ഞ് ഒരു വര്‍ഷവും ഏഴു മാസവും പിന്നിട്ട ശേഷമാണെന്നും കാലതാമസം ഉണ്ടായതില്‍ പ്രത്യേക കാരണം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നിരിക്കെയാണ് പൊലീസിന് കാലതാമസം സംഭവിച്ചത്.