നരഭോജി കടുവ പഞ്ചാരക്കൊല്ലിയിൽ സിസിടിവിയിൽ ചിത്രം പതിഞ്ഞു, പിടികൂടാൻ കുങ്കിയാനകളടക്കം വൻ സന്നാഹങ്ങൾ

Written by Taniniram

Published on:

മാനന്തവാടി: രാധയുടെ ജീവനെടുത്ത വയനാട്ടിലെ ആളെക്കൊല്ലി കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞതായി ചീഫ് കണ്‍സര്‍വേറ്റര്‍. കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തി. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞു. രാവിലെ നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

കടുവയെ കൂട്ടില്‍ അകപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. കൂടുതല്‍ ആളുകള്‍ തെരച്ചിലിനു ഇറങ്ങിയാല്‍ കടുവ പ്രദേശത്തു നിന്നും നീങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ വ്യാപക തെരച്ചില്‍ ഇന്നുണ്ടാവില്ല. തെര്‍മല്‍ ഡ്രോണ്‍ പരിശോധനയും ഇന്ന് നടത്തില്ലെന്ന് റേഞ്ച് ഓഫീസര്‍ അറിയിച്ചു.

അതിനിടെ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘം ഉച്ചയ്ക്കുശേഷം സ്ഥലത്ത് പരിശോധന നടത്തും. കുങ്കി ആനകളെ പിന്നീട് എത്തിക്കും. കുങ്കി ആനകളെ ഉപയോഗിച്ചു തെരയാന്‍ പറ്റുന്ന ഭൂപ്രദേശമല്ലിത്. മുളങ്കാടുകള്‍ നിറഞ്ഞ പ്രദേശമാണ് ഇവിടമെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു. അതിനിടെ നാളെ വയനാട്ടില്‍ പ്രത്യേക യോഗം ചേരും. മുഖ്യ വനപാലകരും യോഗത്തില്‍ പങ്കെടുക്കും. വനം മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.

കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ കടുവയെ വെടിവച്ചു കൊല്ലാനാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്റെ ഉത്തരവ്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ എസ്ഒപി കര്‍ശനമായി പാലിച്ചാകണം നടപടികളെന്നും ഉത്തരവില്‍ പറയുന്നു.

See also  കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു

Related News

Related News

Leave a Comment