വിഷുചിത്രങ്ങള്‍ റിലീസ് ചെയ്ത സമയത്ത് തന്നെ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന കടുത്ത തീരുമാനത്തില്‍ നിന്ന് മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആര്‍ പിന്മാറി. സംവിധായകരുടെയും നിര്‍മാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് പിവിആറിന്റെ തീരുമാനം. പിവിആര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഭാവിയില്‍ മൊഴിമാറ്റ ചിത്രങ്ങള്‍ അടക്കം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ നിലപാട് എടുത്തു. ഫെഫ്കയുടെ കടുത്ത തീരുമാനത്തിന് പിന്നാലെ വിലക്ക് അവസാനിപ്പിക്കാന്‍ പിവിആര്‍ തീരുമാനിച്ചു.
ഡിജിറ്റല്‍ കണ്ടന്റ് സംവിധാനം വഴി നിര്‍മാതാക്കള്‍ മാസ്റ്ററിംഗ് യൂണിറ്റ് തുടങ്ങിയതാണ് പിവിആറിന്റെ വിലക്കിന് കാരണം.പിവിആറിന്റെ ബഹിഷ്‌കരണ തീരുമാനത്തില്‍ വന്‍ നഷ്ടമാണ് മലയാള സിനിമയ്ക്ക് വിഷു സീസണില്‍ ഉണ്ടായിരിക്കുന്നത്. കേരളത്തിന് പുറത്ത് മലയാള സിനിമകള്‍ ഏറ്റവുമധികം റിലീസ് ചെയ്തിരുന്ന മള്‍ട്ടിപ്ലെക്‌സ് ശൃംഖല ആയിരുന്നു പിവിആര്. സമീപകാലത്ത് ഇതരഭാഷകളില്‍ അടക്കം വന്‍ ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു തുടങ്ങിയ സിനിമകള്‍ പ്രദര്‍ശിപ്പിച്ചത് ഈ മള്‍ട്ടിപ്ലസ് ശൃംഖലയില്‍ ആയിരുന്നു.