Tuesday, April 8, 2025

മേയ്ക്ക് ഇന്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മെയ്ഡ് ഇൻ കേരള : പിണറായിയുടെ പ്രസംഗം.

Must read

- Advertisement -

‘നാലായിരം കോടി രൂപ മുടക്ക് മുതലുള്ള പ്രൊജക്ടുകൾ ഉദ്ഘാടനം ചെയ്യുന്നതിനായി നേരിട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് (Prime Minister Narendra Modi) കേരളത്തിന്റേതായ നന്ദി ആദ്യമേ തന്നെ രേഖപ്പെടുത്തട്ടെ. കൊച്ചിൻ ഷിപ്പ് യാര്‍ഡിന്റെ ഡ്രൈ ഡോക്കിന്റെയും അന്താരാഷ്ട്ര ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും, ഐ ഒ സി എല്ലിന്റെ എൽ പി ജി ഇറക്കുമതി ടെർമിനലിന്റെയും, ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ട്. 4,000 കോടിയിലധികം രൂപയുടെ പദ്ധതികൾ കേരളത്തിന്റെ മണ്ണിൽ നിന്ന് രാജ്യത്തിനാകെ സമർപ്പിക്കപ്പെടുന്നു എന്നത് നാടിനാകെ അഭിമാനകരമാണ്.

ഡ്രൈ ഡോക്കിലും അന്താരാഷ്ട്ര ഷിപ് റിപ്പയർ ഫെസിലിറ്റിയിലും 2000 വീതം ആളുകൾക്ക് പുതിയ തൊഴിൽ ലഭിക്കാൻ ഇടയുണ്ടെന്നാണ് പറഞ്ഞത്. അങ്ങനെ മൊത്തം 4000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതികളാണ് ഇവ എന്നാണ് മനസിലാക്കാനായത്. ഇവയുടെ ഉദ്ഘാടനം നിർവ്വഹിക്കാൻ രാജ്യത്തിന്റെ പ്രധാനമന്ത്രി എത്തിയിട്ടുണ്ട് എന്നത് സന്തോഷകരമാണ്. രാജ്യത്തിന്റെ പൊതുവായ വികസനത്തിൽ കേരളം നൽകുന്ന മികച്ച പിന്തുണയുടെ ഉദാത്തമായ ദൃഷ്ടാന്തമാണിത്.

മെയ്ക്ക് ഇൻ ഇന്ത്യ(Make in India)യിലെ അവിഭാജ്യഘടകമായി മെയ്ഡ് ഇൻ കേരള(Made in Kerala)മാറുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. മേഡ് ഇൻ കേരള ഉത്പന്നങ്ങൾ ഇന്ന് ഇന്ത്യയിൽ മാത്രമല്ല, ലോകത്താകമാനം ശ്രദ്ധയാർജ്ജിക്കുകയാണ്. ഐ എസ് ആർ ഒ വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാൻ 3(Chandrayan 3) മിഷനിലും ആദിത്യ (Adhitya) മിഷനിലും കേരളത്തിൽ നിന്നുള്ള നിരവധി വ്യവസായ സ്ഥാപനങ്ങൾ പങ്കാളികളായിട്ടുണ്ട്. ചന്ദ്രയാൻ 3 മിഷനിൽ കേരളത്തിൽ നിന്നുള്ള 6 പൊതുമേഖലാ സ്ഥാപനങ്ങളും 20 ഓളം എം എസ് എം ഇ സ്ഥാപനങ്ങളുമാണ് പങ്കാളികളായത്. ആദിത്യ മിഷനിലാകട്ടെ കേരളത്തിലെ 4 പൊതുമേഖലാ സ്ഥാപനങ്ങളാണ് പങ്കാളികളായത്. കേരളത്തിന് അഭിമാനകരമാണിത്.

ചന്ദ്രയാൻ 3 ൽ ഉപയോഗിക്കപ്പെട്ട 41 ഇലക്ട്രോണിക്സ് മോഡ്യൂളുകൾ നിർമ്മിച്ചു നൽകിയത് കെൽട്രോണാണ്. കെ എം എം എല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കൽ കമ്പോണന്റ്സ് ഉണ്ടാക്കാൻ ഉപയോഗിച്ചത്. ടൈറ്റാനിയം, അലുമിനിയം ഫോർജിങ്ങുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിർമ്മിച്ചു നൽകിയത് സ്റ്റീൽ ആന്റ് ഫോർജിങ്ങ്സ് ലിമിറ്റഡ് ആണ്. ആവശ്യമായ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകൾ ലഭ്യമാക്കിയത് ടി സി സിയാണ്. ആവശ്യമായ മെഷീൻ കോമ്പൊണന്റ്സ് നിർമ്മിച്ചു നൽകിയത് കെ എ എല്ലും സിഡ്കോയുമാണ്.

ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1(Adhitya L1)വിക്ഷേപിച്ച പി എസ് എൽ വി റോക്കറ്റിൽ കെൽട്രോണിൽ നിർമ്മിച്ച 38 ഇലക്ട്രോണിക്സ് മോഡ്യൂളുകളാണ് ഉപയോഗിച്ചത്. ഇതുകൂടാതെ ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്ട്രോണിക്സ് മോഡ്യൂളുകളുടെ ടെസ്റ്റിംഗ് സപ്പോർട്ടും കെൽട്രോണാണ് നൽകിയത്. റോക്കറ്റിന്റെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ തദ്ദേശീയമായി വികസിപ്പിച്ചു നൽകിയത് എസ് ഐ എഫ് എല്ലാണ്.

See also  ഈ മാസം 12 ന് ശബരി കെ - റൈസ് വിതരണം ആരംഭിക്കും

മിഷന് ആവശ്യമായി വന്ന 150 മെട്രിക് ടൺ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകൾ ലഭ്യമാക്കിയത് ടി സി സിയാണ്. റോക്കറ്റിന്റെ സാറ്റലൈറ്റ് സെപ്പറേഷൻ സിസ്റ്റത്തിന് ആവശ്യമായ വിവിധതരം ഘടകങ്ങൾ ലഭ്യമാക്കിയതാകട്ടെ കേരളാ ആട്ടോമൊബൈൽസ് ലിമിറ്റഡാണ്. ഇങ്ങനെ ഇന്ത്യയുടെ യശസ്സ് അക്ഷരാർത്ഥത്തിൽ വാനോളം ഉയർത്തുന്നതിൽ കേരളത്തിലെ വ്യവസായ സംരംഭങ്ങൾ, പ്രത്യേകിച്ച് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ, വലിയ പങ്കാണ് വഹിക്കുന്നത്.

അതിന്റെ മികച്ച ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോ(Kochi Water Metro)യ്ക്കായി ഈ കൊച്ചിൻ ഷിപ് യാർഡ് തന്നെ ഉത്‌പാദിപ്പിക്കുന്ന അത്യാധുനിക, പ്രകൃതി സൗഹൃദ ബോട്ടുകൾ. അവയുടെ രൂപകല്പനയിലും നിർമ്മാണത്തിലും വാട്ടർ മെട്രോയും ഷിപ് യാർഡും നല്ല നിലയിൽ സഹകരിച്ചിട്ടുണ്ട്. പൊതുമേഖലാ സഹകരണത്തിന്റെ ഉദാത്ത മാതൃകയാണത്. അതുകൊണ്ടുതന്നെ, ഇന്ന് അവയെ തേടി ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരെ ആവശ്യക്കാർ എത്തുന്നു എന്നത് കേരളത്തിനാകെ അഭിമാനകരമാണ്.

കൊച്ചിൻ ഷിപ് യാർഡ് ഐ ഒ സി എല്ലിലും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ പദ്ധതികൾ രാജ്യത്തിന്റെയാകെ പുരോഗതിക്ക് വഴിവെക്കട്ടെ എന്ന് ആശംസിക്കുന്നു. രാജ്യത്തിന്റെ പുരോഗതിയിൽ കേരളം വഹിക്കുന്ന പങ്കിനെക്കുറിച്ച് കേരളീയർക്കാകെയുള്ള അഭിമാനം രേഖപ്പെടുത്തുന്നു. എല്ലാവർക്കും അഭിവാദനങ്ങൾ.’

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article