അഴീക്കല്‍ തുറമുഖ (Azheekkal Port) ത്ത് ചൊവ്വാഴ്ച രാവിലെ നങ്കൂരമിട്ട ‘ലൊഹങ്ക’ (Lohanka) എന്ന അമേരിക്കന്‍ ടൂറിസ്റ്റ് കപ്പല്‍ (American tourist ship) കൂടെ കൊണ്ടുവന്നത് ചരിത്രം. കാര്‍ഗോ കപ്പലുകളും ചരക്ക് കപ്പലുകളും എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അഴീക്കലില്‍ വിദേശ ടൂറിസ്റ്റ് കപ്പല്‍ (Foreign tourist ship) എത്തുന്നത്. ക്യാപ്റ്റന്‍ റയ്മണ്ട് പീറ്റര്‍ സീലി നിയന്ത്രിച്ച കപ്പലില്‍ അമേരിക്കന്‍ പൗരനായ സെര്‍ഗ്വെല്‍ കൊസുമിനും ഭാര്യ എലേന കൗസ്മിനയും കപ്പല്‍ ജീവനക്കാരും ഉള്‍പ്പെടെ ഒന്‍പത് പേരാണ് ഉണ്ടായിരുന്നത്.
ലൊഹങ്കയുടെ ഉടമകളും സെര്‍ഗ്വെല്‍ – എലേന ദമ്പതിമാരാണ്. അഴീക്കല്‍ തുറമുഖത്തിന് അഞ്ചുവര്‍ഷത്തേക്കുള്ള ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി കോഡ് അംഗീകാരം ലഭിച്ചശേഷമാണ് കപ്പല്‍ അഴീക്കല്‍ തീരത്തെത്തിയതെന്ന പ്രത്യേകതയുമുണ്ട്.
കൊച്ചി, ബേപ്പൂര്‍ തീരങ്ങള്‍ സന്ദര്‍ശിച്ചശേഷം ബുധനാഴ്ച രാവിലെ 10-ഓടെയാണ് ‘ലൊഹങ്ക’ അഴീക്കലില്‍ നങ്കൂരമിട്ടത്. ഇനി മംഗളൂരുവിലേയ്ക്കും ശേഷം മുംബൈയിലേക്കും പോകും. കണ്ണൂരിന്റെ തെയ്യക്കാഴ്ചകള്‍ നേരില്‍ അനുഭവിക്കാനും രുചികള്‍ ആസ്വദിക്കുന്നതിനുമാണ് ദമ്പതിമാര്‍ അഴീക്കലിലെത്തിയത്. ഇന്റലിജന്‍സ് ബ്യൂറോ, കോസ്റ്റല്‍ പോലീസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവയുടെ പരിശോധനയ്ക്കുശേഷം ദമ്പതിമാര്‍ക്ക് അഴീക്കല്‍ പോര്‍ട്ട് ഓഫീസിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സ്വീകരണവും നല്‍കി. കെ.വി. സുമേഷ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ദമ്പതിമാരെ അധികൃതര്‍ ഷാളണിയിച്ചു.
ക്യാപ്റ്റന്‍ പ്രദീഷ് കെ.ജി. നായര്‍, ടി. ദീപന്‍കുമാര്‍, വി.വി. പ്രസാദ്, പി.വി. കാര്‍ഗോ ഷിപ്പിങ്ങ് കമ്പനിയുടെ വിശേഷ് രാജ്, വസന്ത് കുമാര്‍, ഡി.ടി.പി.സി. സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍, പി.ആര്‍. ശരത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയുടെയും അഴീക്കല്‍ തുറമുഖത്തിന്റെയും നേട്ടമായാണ് സന്ദര്‍ശനത്തെ കാണുന്നതെന്നും കപ്പല്‍ എത്തിയത് വിനോദസഞ്ചാര മേഖലയ്ക്കുള്‍പ്പെടെ ഉണര്‍വേകുമെന്നും അധികൃതര്‍ പറഞ്ഞു.