തിരുവനന്തപുരം (Thiruvananthauram) : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോഗോയും ട്രേഡ് മാർക്കും ലഭിച്ചു. ഓണവില്ല് നിർമ്മിക്കാനും വിൽപന നടത്താനുമുള്ള അവകാശം ക്ഷേത്രത്തിന് മാത്രമായിരിക്കും. തിരുവോണ ദിനത്തിൽ ക്ഷേത്രത്തിന് വേണ്ടി 12 വില്ലുകൾ നിർമ്മിച്ച് സമർപ്പിക്കുന്നത് തുടർന്നും കരമന മേലാറന്നൂർ വിളയിൽ കുടുംബമായിരിക്കും തിരുവോണ ദിനത്തിൽ ക്ഷേത്രത്തിന് വേണ്ടി 12 വില്ലുകൾ നിർമിച്ച് സമർപ്പിക്കുന്നത്. എന്നാൽ വില്ല് നിർമിക്കുന്നതിനോ വിൽക്കുന്നതിനോ ഇവർക്ക് അധികാരമുണ്ടായിരിക്കില്ല. കടമ്പ് വൃക്ഷത്തിന്റെയും മഹാഗണിയുടെയും തടികളിലാണ് ഓണവില്ല് നിർമിക്കുന്നത്. നാലര അടി, നാല് അടി, മൂന്നര അടി നീളത്തിലാണ് ഓണവില്ലിന്റെ നിർമാണം.
പ്രകൃതിദത്തമായ ചായക്കൂട്ടുകൾ ഉപയോഗിച്ചാണ് ചിത്രം വരയ്‌ക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മാണം. 41 ദിവസം വ്രതമെടുത്താണ് കുടുംബക്കാര്‍ ഇതിന്റെ ചിത്രരചന പൂര്‍ത്തിയാക്കുന്നത്. തിരുവോണ ദിവസം പുലർച്ചെ അഞ്ചരയ്‌ക്ക് ക്ഷേത്രത്തിലെ കൊടിമരത്തിന് ചുവട്ടിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്. ദശാവതാരം, അനന്തശയനം, ശ്രീരാമ പട്ടാഭിഷേകം, കൃഷ്ണലീല, ശാസ്ത., വിനായക എന്നിവയാണ് ഈ വില്ലുകൾ. ഓരോന്നിന്റെയും രണ്ട് വീതം 12 എണ്ണമാണ് സമർപ്പിക്കുന്നത്. ഓണത്തിന് ശേഷം ഈ വില്ലുകൾ തിരുവിതാംകൂർ കൊട്ടാരത്തിന് കൈമാറും. അഡ്വ. ബിന്ദു ശങ്കരപ്പിള്ളയാണ് ക്ഷേത്രത്തെ പ്രതിനിധീകരിച്ച് ട്രേഡ് മാർക്ക് രജിസ്ട്രിയിൽ അപേക്ഷ സമർപ്പിച്ചത്.
പാതാളത്തിലേക്ക് വാമനന്‍ മഹാബലിയെ അയയ്‌ക്കുന്നതിന് മുൻപ് വിഷ്ണുവിന്റെ വിശ്വരൂപം കാണാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കുന്നു. വര്‍ഷം തോറും പ്രജകളെ കാണാനെത്തുമ്പോള്‍ വിഷ്ണുവിന്റെ അവതാരകഥകള്‍ കാണാനുള്ള ആഗ്രഹം മഹാബലി പ്രകടിപ്പിച്ചു. തുടർന്ന് വിഷ്ണുവിന്റെ അഭ്യര്‍ത്ഥനയാല്‍ പ്രപഞ്ചശില്പിയായ വിശ്വകര്‍മ്മ ദേവന്‍ ആദ്യ രചന നടത്തി. വിശ്വകര്‍മ്മാവിന്റെ അനുയായികള്‍ തുടര്‍ കാലങ്ങളില്‍ അവതാരകഥകള്‍ വരച്ച് വിഷ്ണു സന്നിധിയില്‍ സമര്‍പ്പിക്കാമെന്ന് വാഗ്ദാനവും നല്‍കി. ഈ ചടങ്ങാണ് ഓണവില്ല് സമര്‍പ്പണം. ഈ ഐതിഹ്യത്തിന്റെ തുടര്‍ച്ചയായാണ് ഓണവില്ല് കരമന വിളയില്‍ വീട് കുടുംബത്തിലെ വിശ്വകര്‍മ്മജരായ കലാകാരന്മാര്‍ അനുഷ്ഠിച്ചു വരുന്നത്.