ഈ ലോകത്തോട് 101ാം വയസ് പൂര്‍ത്തിയാക്കിയതിന് ശേഷം വിട പറഞ്ഞ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, ഈ നാടിനാകെ പ്രിയപ്പെട്ടവനാണ്. പാര്‍ട്ടി പ്രവര്‍ത്തനം മാത്രമാണ് അദ്ദേഹത്തിന്റെ ജീവിതരീതിയും എല്ലാവര്‍ക്കും മാതൃകയാക്കാന്‍ സാധിക്കുന്ന ഒന്ന് തന്നെയാണ്.
രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഉമിക്കരി കൊണ്ടും ബ്രഷും കൊണ്ടും പല്ല് തേച്ചതിന് ശേഷം ഏറ്റവുമൊടുവില്‍ കൈകൊണ്ടും നന്നായി അമര്‍ത്തി പല്ല് തേയ്ക്കും. അത് കഴിഞ്ഞാല്‍ ഒന്ന് നടക്കണം. ശേഷം പ്രത്യേകം തയാറാക്കിയ എണ്ണ ദേഹത്ത് തേച്ച് പിടിപ്പിച്ച് ഇളവെയില്‍ കൊള്ളണം.
തീര്‍ന്നില്ല, സൂര്യനമസ്‌കാരവും യോഗാഭ്യാസവും കൂട്ടിനുണ്ടായിരുന്നു. കുളി കഴിഞ്ഞാല്‍ പിന്നെ കൈലി മുണ്ടെടുത്ത് ഓഫീസിലെത്തി പത്രം വായിക്കും. മത്സ്യവും മാംസവും ധാരാളം കഴിച്ചിരുന്നുവെങ്കിലും പിന്നീട് സസ്യാഹാരത്തിലേക്ക് മാറി. എന്നാല്‍ തീര്‍ത്തും മത്സ്യം ഉപേക്ഷിച്ചുവെന്ന് പറയാനാകില്ല, വരാലിനോടുള്ള കൊതി തുടര്‍ന്നു.
ആലപ്പുഴയില്‍ നിന്ന് അദ്ദേഹത്തെ കാണാന്‍ തിരുവനന്തപുരത്ത് എത്തുന്നവര്‍ ജീവനുള്ള വരാലിനെ എത്തിക്കുന്നതും പതിവായിരുന്നു. വരാല്‍ പ്രിയം കഴിഞ്ഞാല്‍ അടുത്തത് പാലക്കാട്ട് നിന്നുള്ള ഞവര അരി കൊണ്ടുള്ള ചോറാണ്. അദ്ദേഹത്തിന് പ്രിയപ്പെട്ടവര്‍ അതും എത്തിച്ചിരുന്നു.
ഈ രണ്ട് കാര്യങ്ങളും മാറ്റിനിര്‍ത്തിയാല്‍ വിഎസ് വലിയ താത്പര്യം കാണിച്ചിരുന്ന ഒന്നുണ്ട്, ചെരുപ്പുകള്‍…. ഇഷ്ടപ്പെട്ട ചെരുപ്പുകള്‍ എവിടെ കണ്ടാലും അത് വാങ്ങിക്കാതെ അദ്ദേഹത്തിന് സമാധാനമുണ്ടായിരുന്നില്ല. നേരിട്ട് കടയിലെത്തിയാണ് ഇത് വാങ്ങിക്കുക. അവിടെ നിന്നും തന്റെ പാകം നോക്കി തിരഞ്ഞെടുക്കും. നല്ലത് തിരഞ്ഞെടുത്തതിന് ശേഷം ജൂബ്ബയുടെ പോക്കറ്റില്‍ സൂക്ഷിച്ച പണമെടുത്ത് കൊടുത്ത് അത് സ്വന്തമാക്കും.
ഇലക്കറികളാണ് അദ്ദേഹത്തിന്റെ ഭക്ഷണങ്ങളിലെ പ്രധാനി. ഉച്ചഭക്ഷണത്തിന് മുമ്പ് പതിനൊന്ന് മണിയാകുമ്പോള്‍ കാന്താരിയും കറിവേപ്പിലയും ചതച്ച് ചേര്‍ത്ത നല്ലൊരു സംഭാരം കിട്ടണം. പിന്നെ ഉച്ചഭക്ഷണം കഴിഞ്ഞാല്‍ ഒന്നര മണിക്കൂര്‍ ഉറക്കം. ഇതൊക്കെ ഉണ്ടെങ്കില്‍ മാത്രമേ അദ്ദേഹത്തിന്റെ ഒരു ദിവസം പൂര്‍ണമാകൂ.
എന്നും രാത്രി 9 മണിയാകുമ്പോള്‍ ഉറങ്ങും. 90 വയസാകുന്നത് വരെ അദ്ദേഹം തലയിണയോ കിടക്കയോ ഉപയോഗിച്ചിരുന്നില്ല. തടിക്കട്ടിലിലായിരുന്നു ഉറക്കം. എന്നാല്‍ പക്ഷാഘാതം വന്ന് വിശ്രമത്തിലേക്ക് കടന്നതോടെ ഈ ശീലം മാറ്റേണ്ടി വന്നു.