ആർ.ബിന്ദുവിൻ്റെ മന്ത്രി കസേര തെറിക്കുമോ?? മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

Written by Taniniram Desk

Published on:

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമനത്തില്‍ അനധികൃത ഇടപെടല്‍ നടത്തിയ മന്ത്രി ആര്‍. ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
മന്ത്രിയുടെ അനധികൃത ഇടപെടല്‍ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമാണ്. കേരള നിയമസഭാ പാസാക്കിയ നിയമത്തില്‍ വി.സി നിയമനത്തില്‍ പ്രൊ ചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭാസ മന്ത്രിക്ക് യാതൊരു അധികാരവും നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ വി സി നിയമനത്തില്‍ ഉന്നത വിദ്യാഭാസ മന്ത്രിയുടെ ഇടപെടല്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഈ അടിയന്തര സാഹചര്യത്തില്‍ ആര്‍ ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

കത്തിന്റെ പൂർണ രൂപം ഇങ്ങനെ;

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
കണ്ണൂര്‍ വി സിയായിരുന്ന ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കികൊണ്ടു സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ അനധികൃത ഇടപെടല്‍ നടത്തി എന്ന് കണ്ടെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആര്‍ ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ തയ്യാറാകണം. കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമനത്തിലെ ഉന്നത വിദ്യാഭാസ മന്ത്രിയുടെ അനധികൃത ഇടപെടല്‍ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
കേരള നിയമസഭാ പാസാക്കിയ നിയമത്തില്‍ വി.സി നിയമനത്തില്‍ പ്രൊ ചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭാസ മന്ത്രിക്ക് യാതൊരു അധികാരവും നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ വി.സി നിയമനത്തില്‍ ഉന്നത വിദ്യാഭാസ മന്ത്രിയുടെ ഇടപെടല്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

സര്‍വകലാശാലകളുടെ വി.സി നിയമനങ്ങളില്‍ പ്രൊ ചാന്‍സിലര്‍ കൂടിയായ ഉന്നത വിദ്യാഭാസ മന്ത്രിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇടപെടാന്‍ യാതൊരു അവകാശവുമില്ല എന്ന് സുപ്രീം കോടതിയും കണ്ടെത്തിയിട്ടുണ്ട്. നിയമപ്രകാരം വി സി നിയമനത്തില്‍ ചാന്‍സിലര്‍ക്ക് മാത്രമാണ് അധികാരം എന്നിരിക്കെ പ്രൊ ചാന്‍സിലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍ ‘നിയമവിരുദ്ധമാണ്’ എന്ന് സുപ്രീം കോടതി വിധിയുടെ 85 പാരഗ്രാഫില്‍ വ്യക്തമാക്കുന്നു.സംസ്ഥാന സര്‍ക്കാരിന്റെയും ഉന്നത വിദ്യാഭാസ മന്ത്രിയുടെയും അനധികൃത ഇടപെടലാണ് കണ്ണൂര്‍ വി.സി നിയമനത്തെ നിയമവിരുദ്ധമാക്കിയത് എന്ന് സുപ്രീം കോടതിയുടെ വിധി അടിവരയിടുന്നു.

കണ്ണൂര്‍ വി.സി പുനര്‍നിയമനത്തില്‍ പ്രൊ ചാന്‍സിലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ചാന്‍സിലര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അയച്ച നിയമവിരുദ്ധമായ കത്തുകളെ കുറിച്ചും സുപ്രീം കോടതി വിധിയുടെ 79 പാരഗ്രാഫില്‍ പ്രതിപാദിക്കുണ്ട്. ഉന്നത വിദ്യാഭാസ മന്ത്രിയുടെ ആദ്യത്തെ കത്തിന്റെ അടിസ്ഥാനത്തിലാണ് 22.11.2021 തീയതില്‍ വി.സി നിയമന അപേക്ഷ സംബന്ധിച്ച നോട്ടിഫിക്കേഷന്‍ പിന്‍വലിച്ചതെന്നും, രണ്ടാമത്തെ കത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ വി.സിഐയെ പുനര്‍നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ചാന്‍സലര്‍ പുറപ്പെടുവിക്കുകയും ചെയ്തത് എന്നും സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഗവര്‍ണ്ണര്‍ കണ്ണൂര്‍ വി.സി ക്ക് പുനര്‍നിയമനം നല്‍കിയത് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട് (പാരഗ്രാഫ് 81) . കണ്ണൂര്‍ വി.സി യുടെ നിയമനം റദ്ദാക്കുന്നത് നിയമനത്തിലെ വെറും സാങ്കേതികമായ പ്രശ്‌നം കാരണം അല്ല മറിച്ച് വി.സിയെ പുനര്‍നിയമിക്കാനുള്ള തീരുമാനത്തിലെ അനധികൃത ബാഹ്യ ഇടപെടല്‍ മൂലമാണ് എന്ന് സുപ്രീം കോടതി വിധിയുടെ പാരഗ്രാഫ് 86 ല്‍ അടിവരയിടുന്നുണ്ട്.

തന്റെ കടമകള്‍ ഭയമോ, പ്രീതിയോ, വാത്സല്യമോ, ദുരുദ്ദേശമോ ഇല്ലാതെ നിര്‍വഹിക്കുമെന്നും, ഭരണഘടന മൂല്യങ്ങളെയും നിയമങ്ങളും ഉയര്‍ത്തിപ്പിടിക്കും എന്നും സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയ മന്ത്രി സ്വജനപക്ഷപാതപരവും നിയമവിരുദ്ധവുമായ ഇടപെടല്‍ നടത്തി എന്ന കോടതിയുടെ കണ്ടെത്തല്‍ അതീവ ഗൗരവമേറിയതാണ്. സംസ്ഥാനത്തെ ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭാസ മന്ത്രി ആര്‍ ബിന്ദുവിന് തല്‍സ്ഥാനത്തു തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അടിയന്തര സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആര്‍ ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം.

Related News

Related News

Leave a Comment