മേപ്പാടി (Meppadi) : ഒറ്റ രാത്രി കൊണ്ട് ഇല്ലാതായ മുണ്ടക്കൈ ഗ്രാമത്തിലെ ആശാ വർക്കറാണ് സുബൈദ. ”എല്ലാം പോയി. പോയിക്കോട്ടെ, ആളെ തിരിച്ചു കിട്ടിയാൽ മതി” എന്ന പ്രാർത്ഥനയോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കയറിയിറങ്ങുകയാണ് സുബൈദ. പരിചയക്കാരെ കാണുമ്പോൾ നിലവിളിയോടെ കെട്ടിപ്പിടിച്ച് കരയുന്നു.
മുണ്ടക്കൈ ഗ്രാമത്തിലെ ഓരോരുത്തരെയും പേരുവിളിച്ചറിയുന്ന അടുപ്പമാണ് സുബൈദയ്ക്ക്.പട്ടിണിയും രോഗവും ദുരിതവും നിറഞ്ഞ മേഖലയിലെ ജനങ്ങൾക്ക് കൈത്താങ്ങായി എപ്പോഴും സുബൈദയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. അയൽവാസിയായി മനോരോഗത്തിന് ചികിത്സ തേടുന്ന ഒരു സ്ത്രീക്ക് എല്ലാ ദിവസവും മരുന്ന് നൽകാൻ സുബൈദയെത്താറുണ്ടായിരുന്നു. ”അവരെ കാണാനില്ല. ആ വീട്ടിലെ ആരെയും കണ്ടുകിട്ടിയിട്ടില്ല’ അതു പറയുമ്പോൾ സുബൈദയ്ക്ക് കരച്ചിലടക്കാനായില്ല. പ്രിയപ്പെട്ടവരെ എവിടെ അന്വേഷിക്കണമെന്നു പോലും അറിയാതെ വിറങ്ങലിച്ചുനിൽക്കുകയാണ് സുബൈദയ്‌ക്കൊപ്പം ആ നാട്ടിൽ അവശേഷിക്കുന്നവർ മുഴുവനും.
രാത്രി ഒന്നര മണിയോടെ എന്തോ ഇടിഞ്ഞു വീഴുന്ന വലിയ ശബ്ദം കേട്ടു. ഉടൻ പുറത്തിറങ്ങി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയതു കൊണ്ടാണ് ജീവൻ രക്ഷപ്പെട്ടത്. ജീവൻ മാത്രമാണ് ഇനി ആയുസിന്റെ സമ്പാദ്യമായി ബാക്കിയുള്ളത്.അവിടെ 15 പാടികളിലുൾപ്പെടെ നാനൂറോളം കുടുംബങ്ങളിലായി 1258 പേരുണ്ടായിരുന്നു. ഇനി 30 വീടുകൾ മാത്രമേ ബാക്കിയുള്ളൂ- സുബൈദ പറഞ്ഞു.
രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞിട്ടില്ലാത്ത സ്ഥലങ്ങൾ ഇനിയും പ്രദേശത്തുണ്ടെന്നാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർ പറയുന്നത്. മലവെള്ളവും പാറക്കല്ലുകളും ചെളിയും നിറഞ്ഞു, തകർന്നുകിടക്കുന്ന വീടുകളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായും സംശയം പ്രകടിപ്പിച്ചു. രണ്ടു തവണയായാണ് ഉരുൾ പൊട്ടിയത്. മുണ്ടക്കൈ പുഞ്ചിരിമട്ടത്തെ പ്രഭവ കേന്ദ്രത്തിൽനിന്നു കുതിച്ചൊഴുകിയെത്തിയ മലവെള്ളവും കൂറ്റൻ പാറക്കല്ലുകളുമാണ് ഗ്രാമത്തെ ഇല്ലാതാക്കിയത്.