തിരുവനന്തപുരം (Thriuvananthapuram) : 1980 -കളിലാണ് സംഭവം. മലയാള സിനിമയിലെ പ്രമുഖ നടനെതിരെ ഗുരുതരമായ ആരോപണവുമായി അധ്യാപികയും സാമ്പത്തിക വിദഗ്‌ദ്ധയുമായ മേരി ജോര്‍ജ്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് തിരുവനന്തപുരം വിമന്‍സ് കോളേജ് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുമായിരുന്നുവെന്നാണ് ആരോപണം.
“എല്ലാ ദിവസവും വില കൂടിയ കാറ് വന്ന് കോളേജിന്റെ ഗെയിറ്റിന്റെ പുറത്തുനില്‍ക്കുകയും ചില പെണ്‍കുട്ടികള്‍ ആ വണ്ടിയില്‍ കയറി പോകുകയും ചെയ്യുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ പറഞ്ഞാണ് അധ്യാപകര്‍ ഇക്കാര്യം അറിയുന്നത്. ഇതോടെ അധ്യാപകര്‍ ഇത് നിരീക്ഷിക്കാന്‍ തുടങ്ങി. സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ട അധ്യാപകര്‍ ഇക്കാര്യം പ്രിന്‍സിപ്പലിനെ അറിയിച്ചു.
പ്രിന്‍സിപ്പലും ഇക്കാര്യം നിരീക്ഷിച്ച് ഏതൊക്കെ പെണ്‍കുട്ടികളാണ് പോകുന്നതെന്നും ആരാണ് കൊണ്ടുപോകുന്നതുമെന്നുള്ള കാര്യങ്ങള്‍ മനസിലാക്കി. എന്നാല്‍ പ്രിന്‍സിപ്പലിന് സംഭവത്തില്‍ ഇടപെടാനായില്ല. പ്രതികരിക്കാന്‍ നോക്കിയെങ്കിലും പ്രയോജനമില്ലെന്ന് മനസിലായെന്നും അതുകൊണ്ട് വിഷയത്തില്‍ ഇടപെടേണ്ടെന്നുമാണ് അവര്‍ അന്ന് സഹപ്രവര്‍ത്തകരെ അറിയിച്ചത്.യുവതികളെ കാറില്‍ കൊണ്ടുപോയിരുന്ന നടന് അന്ന് സര്‍ക്കാരില്‍ ഉന്നത ബന്ധം ഉണ്ടായിരുന്നു.
ഇക്കാര്യം തന്റെ സഹഅധ്യാപകരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ അടുത്തകാലത്ത് അവര്‍ ഇക്കാര്യം തന്നോട് വെളിപ്പെടുത്തുകയായിരുന്നു. അന്ന് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കില്‍ താന്‍ ഇടപെട്ടേനെ”. മേരി ജോര്‍ജ് വ്യക്തമാക്കി.
ഇന്നും അയാള്‍ സിനിമയുടെ പ്രവര്‍ത്തനങ്ങളുമായി സജീവമായി നില്‍ക്കുന്നുണ്ടെന്നും മേരി ജോര്‍ജ് പറഞ്ഞു.