തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 12 സീറ്റുകളില്‍ വരെ വിജയസാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലിന് പിന്നില്‍ ന്യൂനപക്ഷം തുണയ്ക്കുമെന്ന കണക്കുകൂട്ടല്‍. മുസ്ലിം ലീഗിന്റെ സീറ്റുകളും വയനാടും ഒഴികെ മലബാറിലെ എല്ലാ സീറ്റുകളും ലഭിക്കുമെന്ന ആത്മവിശ്വാസ പ്രകടനത്തിന് പിന്നില്‍ ഈ പ്രതീക്ഷയാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരായി നടത്തിയ പ്രചാരണം വോട്ടായെന്നും ന്യൂനപക്ഷ വോട്ടുകള്‍ കാര്യമായി ലഭിച്ചുവെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. സമസ്തയുടെ ഒരു വിഭാഗത്തിന്റെ പിന്തുണയും സിപിഎമ്മിനായിരുന്നു. ഇതിനൊപ്പം സുപ്രഭാതം പത്രത്തിലെ ഇടതുപരസ്യവും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഈ കണക്കുകൂട്ടല്‍ വിജയമെന്ന് തെളിഞ്ഞാല്‍ സിപിഎം അടിമുടി മാറും. ന്യൂനപക്ഷങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിക്കും. മലബാറില്‍ സിപിഎം കരുത്തു കാട്ടിയാല്‍ യുഡിഎഫിന് വലിയ ഇളക്കമുണ്ടാകും. മുസ്ലീം ലീഗ് അടക്കം ഇടതുപക്ഷത്ത് എത്തുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു.
ഇടതു മുന്നണി ജയിക്കുമെന്ന് വലിയിരുത്തുന്ന 12 സീറ്റുകളില്‍ 10 എണ്ണം സിപിഎമ്മിന്റെയും രണ്ടെണ്ണം സിപിഐയുടെയും നേട്ടമായി മാറിയേക്കും. സിപിഎമ്ിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴയും മറ്റൊരു ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) മത്സരിക്കുന്ന കോട്ടയവും നഷ്ടമായേക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഇതനുസരിച്ച് മലബാറില്‍ ന്യൂനപക്ഷം കൈവിട്ടിട്ടുണ്ടെങ്കില്‍ അത് സിപിഎമ്മിന് വലിയ തിരിച്ചടിയായി മാറുകയും ചെയ്യും. സിപിഎം ജയിക്കുമെന്ന് അവകാശപ്പെടുന്ന പല സീറ്റുകളിലും യുഡിഎഫ് മുന്‍തൂക്കം ആവശ്യപ്പെടുന്നുണ്ട്.
ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂര്‍, പാലക്കാട്, ആലത്തൂര്‍, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് എല്‍ഡിഎഫ് വിജയ സാധ്യത കാണുന്ന മണ്ഡലങ്ങള്‍. ഇതില്‍ കോഴിക്കോടും വടകരയും കണ്ണൂരും കാസര്‍കോഡും ന്യൂനപക്ഷ വോട്ടുകളിലാണ് പ്രതീക്ഷ. എന്നാല്‍ ഈ സീറ്റുകളില്‍ എല്ലാം രാഷ്ട്രീയ നിരീക്ഷകര്‍ കൂടുതല്‍ സാധ്യത നല്‍കുന്നത് യുഡിഎഫിനാണ്. ആലത്തൂര്‍, പാലക്കാട്, മാവേലിക്കര, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ ജയം ഉറപ്പാണെന്നും സിപിഎം പറയുന്നു.
വോട്ടിങ് ശതമാനം കുറഞ്ഞത് എല്‍ഡിഎഫിന് ദോഷമാകില്ല. ഭരണ വിരുദ്ധ വികാരം കാര്യമായി ഉണ്ടായിട്ടില്ല. യുഡിഎഫ് അനുകൂല തരംഗവുമില്ല. മണ്ഡലങ്ങളില്‍ നിന്നു ബൂത്ത് അടിസ്ഥാനത്തിലുള്ള സാധ്യതാ കണക്കെടുപ്പ് ക്രോഡീകരിച്ചുള്ള വിലയിരുത്തല്‍ സിപിഎം തുടരുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ വലിയ ജയം നേടിയാലും മുസ്ലീം ലീഗിനെ കടന്നാക്രമിക്കുന്ന സമീപനം സിപിഎം എടുക്കില്ല. മറിച്ച് തോല്‍വിക്ക് കാരണം കോണ്‍ഗ്രസാണെന്ന് വരുത്താനാകും ശ്രമം.