കൊവിഡ് വാക്സിനേഷനില്‍ സംശയുന്നയിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. ഇക്കാര്യത്തില്‍ ്‌സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. വാക്സിനേഷനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളില്‍ ഗൗരവമായ പഠനം വേണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് കത്തില്‍ കെ.വി. തോമസ് ആവശ്യപ്പെട്ടത്.
വാക്സിനേഷന് പിന്നാലെ കെ.വി. തോമസിന്റെ പങ്കാളിയായ ഷേര്‍ലി മരണപ്പെട്ടിരുന്നു. ഈ വിവരവും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘വാക്സിനേഷനെ തുടര്‍ന്ന് പങ്കാളിയ്ക്ക് കിഡ്നിക്കും ഹൃദയത്തിനും തകരാര്‍ സംഭവിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ മരിക്കുകയും ചെയ്തു,’ എന്നാണ് കെ.വി. തോമസ് നരേന്ദ്ര മോദിയെ അറിയിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നതുവരെ പങ്കാളി ആരോഗ്യവതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തനിക്കുണ്ടായതിന് സമാനമായ വേദനകള്‍ നമുക്ക് ചുറ്റുമുള്ള ഒരുപാട് പേര്‍ക്കുണ്ടായിട്ടുണ്ടെന്നും കെ.വി. തോമസ് കൂട്ടിച്ചേര്‍ത്തു. വാക്‌സിനേഷനെ തുടര്‍ന്ന് ശാരീരിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് കെ.വി. തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.