കോട്ടയം (Kottayam) : കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍നിന്നു ചങ്ങനാശേരി, കോട്ടയം, പാലാ, ഈരാറ്റുപേട്ട, വാഗമണ്‍, വഴി കമ്പത്തിനും തേനിക്കും കെഎസ്ആര്‍ടിസി പുതിയ ബസ് സര്‍വീസ് ആരംഭിക്കുന്നു. ആലപ്പുഴ-കമ്പം, ആലപ്പുഴ-തേനി എന്നിങ്ങനെ രണ്ട് ഇന്റര്‍ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളാണ് 23 മുതല്‍ ആലപ്പുഴയില്‍നിന്ന് സർവീസ് നടത്തുന്നത്.
ആലപ്പുഴയില്‍നിന്നു ചങ്ങനാശേരി, കോട്ടയം, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട, വാഗമണ്‍, ഏലപ്പാറ, കട്ടപ്പന, പുളിയന്മല, കമ്പംമെട്ട്, കമ്പം, ഉത്തമപാളയം, ചിന്നമന്നൂര്‍ വഴി തേനിയാണ് റൂട്ട്. രാവിലെ 6.15ന് ആലപ്പുഴയില്‍നിന്നു പുറപ്പെടുന്ന കമ്പം ബസ് 8.30ന് പാലായിലും ഉച്ചകഴിഞ്ഞ് ഒന്നിന് കമ്പത്തുമെത്തും.
അവിടെനിന്നു രണ്ടിന് പുറപ്പെടുന്ന ബസ് ചെറുതോണി, തൊടുപുഴ, മൂവാറ്റുപുഴ, പുത്തന്‍കുരിശ്, വൈറ്റില വഴിയാണ് ആലപ്പുഴയിലെത്തുന്നത്. ഉച്ചകഴിഞ്ഞ് 2.50ന് ആലപ്പുഴയില്‍നിന്നു പുറപ്പെടുന്ന തേനി ബസ് 4.15നു കോട്ടയത്തും 5.20നു പാലായിലും എത്തും 6.40നു വാഗമണ്ണിലെത്തുന്ന ബസ് രാത്രി 10.30ന് തേനിയിലെത്തും. പുലര്‍ച്ചെ 3.30നു തേനിയില്‍നിന്നും പുറപ്പെടുന്ന ബസ് രാവിലെ 11.45ന് ഇതേവഴി ആലപ്പുഴയിലെത്തും.
തീര്‍ഥാടക, ടൂറിസം മേഖല പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു സർവീസ് കെഎസ്ആര്‍ടിസി തുടങ്ങുന്നത്. അര്‍ത്തുങ്കല്‍, മാന്നാനം, ഭരണങ്ങാനം, വാഗമണ്‍ കുരിശുമല, തങ്ങള്പാറ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും ആലപ്പുഴ, വാഗമണ്‍, കമ്പം പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ആളുകള്‍ക്ക് യാത്രാ സൗകര്യം എളുപ്പമാകും. കൂടാതെ തേനിയില്‍നിന്നു ബംഗളൂരു, ചെന്നൈ, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്ക് കണക്ഷന് ബസുകളും ലഭിക്കും.