തിരുവനന്തപുരം (Thiruvananthapuram) : ബ്രെത്തലൈസർ പരിശോധനക്ക് വിധേയനാക്കിയപ്പോൾ ജീവിതത്തിൽ ഒരിക്കലും മദ്യപിച്ചിട്ടില്ലാത്ത ഡ്രൈവറെ മദ്യപാനിയായി കണ്ടെത്തി. (When the driver was subjected to a breathalyzer test, he was found to be an alcoholic, even though he had never drunk alcohol in his life.) വെള്ളറട KSRTC ഡിപ്പോയിൽ ഡ്യൂട്ടിക്കെത്തിയ വി സുനിൽ എന്ന ഡ്രൈവർക്കാണ് ബ്രെത്തലൈസർ പണി കൊടുത്തത്. താൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലാത്തയാളാണെന്നും ആരോഗ്യകാരണങ്ങളാൽ ഗ്രാംപൂ ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിച്ചു എന്നും മലയങ്കാവ് സ്വദേശിയായ സുനിൽ പറഞ്ഞു.
പതിവുപോലെ രാവിലെ 5 മണിക്ക് പുറപ്പെടേണ്ട വെള്ളറട കോവിലവിള ബസ്സിന്റെ ഡ്യൂട്ടിക്ക് എത്തിയപ്പോഴായിരുന്നു പരിശോധന. ഇതിൽ 10 പോയിന്റ് കാണിച്ചതോടെ സുനിൽ ഡ്യൂട്ടിക്ക് അയോഗ്യനായി. തുടർന്ന് സുനിൽ വെള്ളറട സ്റ്റേഷനിൽ പരാതി നൽകി പൊലീസുകാർ പരിശോധിച്ചപ്പോൾ അവിടുത്തെ ബ്രെത്തലൈസറിൽ സീറോ കാണിച്ചു. തനിക്കുണ്ടായ ദുരനുഭവത്തിൽ പരിഹാരം കാണാൻ മേലധികാരികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് സുനിൽ എന്ന 52 കാരൻ.
2013 മുതൽ കെഎസ്ആർടിസി ജീവനക്കാരനായി ജില്ലയിലെ വിവിധ ഡിപ്പോകളിൽ ജോലി നോക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുമാസമായി വെള്ളറട ഡിപ്പായിലാണ് സുനിൽ ജോലി നോക്കുന്നത്. യന്ത്രം ചതിച്ചത് കാരണം വെള്ളറട കോവിലവിള സർവീസും മുടങ്ങി. കഴിഞ്ഞ ആഴ്ചയിൽ പൂവാർ ഡിപ്പോയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. മാത്രമല്ല ചക്ക കഴിച്ചതിനെ തുടർന്ന് പന്തളം കെഎസ്ആർടിസി ഡിപ്പോയിൽ നാലു ജീവനക്കാർക്കും ഇത്തരത്തിൽ പണി കിട്ടിയിരുന്നു.