തിരുവനന്തപുരം (Thiruvananthapuram) : നാളെ നടക്കുന്ന ദേശീയ പണിമുടക്കിന് കെഎസ്ആർടിസി യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു. (Transport Minister KB Ganeshkumar said that KSRTC unions have not given any notice for the national strike scheduled for tomorrow.) നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല. കെഎസ്ആർടിസി ജീവനക്കാർ നിലവിൽ സന്തുഷ്ടരാണ്.
ജീവനക്കാരുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചന സമരം. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്.
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക,140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.