ഓണം അവധി അടിച്ചുപൊളിക്കാൻ ബജറ്റ് യാത്രകളുമായി കെഎസ്ആര്‍ടിസി

Written by Taniniram Desk

Published on:

തിരുവനന്തപുരം: ഓണം അവധിക്ക് എവിടെ പോകണമെന്ന ചിന്തയിലാണ് ഏവരും. കൂടുതൽ ആലോചിച്ച് തലപുകയേണ്ട ആവശ്യമില്ല . കെഎസ്ആര്‍ടിസിയുടെ നിരവധി ടൂര്‍ പാക്കേജുകളാണ് ഒരുക്കുന്നത്. ബസ്, ബോട്ട്, കപ്പല്‍ എന്നിവയുള്‍പ്പെടുത്തിയുള്ള ഒട്ടേറെ ടൂര്‍ പാക്കേജുകളാണ് എല്ലാ ഡിപ്പോകളിലും ക്രമീകരിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ 250 ട്രിപ്പുകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് ടൂര്‍ പാക്കേജുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ബോട്ടിന്റെ മുകളിലെ ഡെക്കില്‍ നിന്ന് യാത്ര ചെയ്യാവുന്ന പാക്കേജ്, എറണാകുളത്ത് പുതുതായി പുറത്തിറക്കിയ സോളാര്‍-ഇലക്ട്രിക് ബോട്ടായ ‘ഇന്ദ്ര’യിലുളള ടൂര്‍ പാക്കേജ് തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. ആലപ്പുഴയില്‍ വേഗ-ഒന്ന്, സീ കുട്ടനാട് ബോട്ടുകള്‍, കൊല്ലത്ത് ‘സീ അഷ്ടമുടി’ ബോട്ട് എന്നിവ പാക്കേജിലുണ്ട്. ‘സീ അഷ്ടമുടി’ ബോട്ട് സര്‍വീസില്‍ സാമ്പ്രാണിക്കോടി, കോവില, മണ്‍റോ ദ്വീപ് തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കാം. തിരുവനന്തപുരത്തെയും പാറശ്ശാലയിലെയും കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകള്‍ വേഗ, സീ കുട്ടനാട് ടൂര്‍ പാക്കേജുകള്‍ ആരംഭിച്ചു.

കെഎസ്‌ഐഎന്‍സിയുമായി സഹകരിച്ച് ക്രൂയിസ് കപ്പലില്‍ എറണാകുളം ബോര്‍ഗാട്ടിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 22 കിലോമീറ്റര്‍ ആണ് കടലിലൂടെയുള്ള യാത്ര. ഓണത്തോടനുബന്ധിച്ചുള്ള ആദ്യ കടല്‍ യാത്രാസംഘം ഞായറാഴ്ച ഉച്ചയോടെ തൊടുപുഴ ഡിപ്പോയില്‍നിന്ന് പുറപ്പെടും.

വയനാട്, മൂന്നാര്‍, ഗവി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും വനയാത്ര. നവീകരിച്ച പഴയ സൂപ്പര്‍ ഡീലക്സ് ബസുകള്‍ ഉള്‍പ്പെടെ ആധുനികസൗകര്യങ്ങളോടെയാണ് ബസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. പൂര്‍വ വിദ്യാര്‍ഥിസംഘം, കുടുംബശ്രീകള്‍, ക്ലബ്ബുകള്‍, റെസിഡെന്‍സ് അസോസിയേഷനുകള്‍ എന്നിവയ്ക്ക് 50 പേരടങ്ങുന്ന ഗ്രൂപ്പുകളായി ബുക്കുചെയ്യാം.

Related News

Related News

Leave a Comment