തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നതിന്റെ സാധ്യതകള്‍ വീണ്ടും കെ എസ് ഇ ബി തേടുന്നു. വൈദ്യുതി ഉപയോഗം കുത്തനെ കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ്. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍ എത്തുന്നതാണ് കെ എസ് ഇ ബിയെ പ്രതിസന്ധിയിലാക്കുന്നത്. കഠിനമായ ചൂട് കാരണം ഉപഭോഗം കുറയ്ക്കാനുള്ള നടപടികളൊന്നും ലക്ഷ്യം കാണുന്നില്ലെന്നതാണ് വസ്തുത. വൈദ്യുതി ഉപയോഗം അതിര് കടന്നാല്‍ ലോഡ്‌ഷെഡിങ്ങും ഏതുനിമിഷവും പ്രഖ്യാപിക്കാം
പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയില്‍ കഴിഞ്ഞദിവസങ്ങളില്‍ രേഖപ്പെടുത്തിയത് വന്‍ വര്‍ധനവാണ്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5608 മെഗാവാട്ടായാണ് ഉയര്‍ന്നത്. വ്യാഴാഴ്ച വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5559 മെഗാവാട്ടിയി ഉയര്‍ന്നിരുന്നു. ഈ മാസം ഒന്‍പതാം തീയതി രേഖപ്പെടുത്തിയ 5493 മെഗാവാട്ട് എന്നതായിരുന്നു ഇതിനു മുന്‍പുള്ള റിക്കാര്‍ഡ്. ഇനിയും ആവശ്യകത ഉയരും. ഈ സാഹചര്യത്തില്‍ പുറത്തു നിന്ന് വൈദ്യുതി വാങ്ങേണ്ടത് കെ എസ് ഇ ബിയ്ക്ക് വലിയ ബാധ്യതയാണ്. അതുകൊണ്ടാണ് നിരക്ക് ഉയര്‍ത്തുന്നതിനെ കുറിച്ച് ചര്‍ച്ച സജീവമാകുന്നത്.
നേരത്തെ തന്നെ നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ കെ എസ് ഇ ബി വച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വൈദ്യുത നിരക്ക് ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ പച്ചക്കൊടി നല്‍കിയില്ല. വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ റെഗുലേറ്ററീ കമ്മീഷന്‍ അനുവാദത്തോടെ നിരക്ക് ഉയര്‍ത്തുന്നതിനെ കുറിച്ചുള്ള സാധ്യതകള്‍ കെ എസ് ഇ ബി ആരായും. സര്‍ക്കാരും പ്രതിസന്ധിക്കാലത്ത് അതിനെ എതിര്‍ക്കില്ല. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ കെ എസ് ഇ ബിയ്ക്ക് സബ്സീഡി കൊടുത്ത് പ്രതിസന്ധിയില്‍ രക്ഷയൊരുക്കാന്‍ സര്‍ക്കാരിന് കഴിയുകയുമില്ല.
സേവന നിരക്ക് കൂട്ടിയും കെ എസ് ഇ ബി പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും പ്രശ്നം പരിഹരിച്ചില്ല. അസഹനീയമായ ചൂട് വൈദ്യുതി ഉപഭോഗം കൂട്ടുകയും ചെയ്തു. ഇതോടെ നിരക്ക് വര്‍ദ്ധന അനിവാര്യതയായെന്ന് കെ എസ് ഇ ബിയും വിശദീകരിക്കുന്നു. എന്നാല്‍ റെഗുലേറ്ററീ കമ്മീഷനെ കാര്യങ്ങള്‍ ബോധിപ്പിച്ച് മാത്രമേ നിരക്ക് കൂട്ടാന്‍ കഴിയൂ. അതിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.