ലത്തീഫിനായി ഉള്‍പ്പാര്‍ട്ടിപ്പോര്; കെപിസിസി അധ്യക്ഷ കസേര പിടിക്കാന്‍ തന്ത്രപരമായ നീക്കങ്ങള്‍

Written by Taniniram

Published on:

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിന് അമര്‍ഷം അതിശക്തം. കെപിസിസി താല്‍കാലിക പ്രസിഡന്റായിരിക്കെ എംഎം ഹസന്‍ തിരിച്ചെടുത്ത ഉമ്മന്‍ചാണ്ടിയുടെ അതിവിശ്വസ്തനായ എംഎ ലത്തീഫിനെ വീണ്ടും പുറത്താക്കിയതാണ് ഇതിന് പ്രധാന കാരണം. ഇതിനൊപ്പം എ ഗ്രൂപ്പിന് കെപിസിസി അധ്യക്ഷ സ്ഥാനം കിട്ടുന്നത് തടയാന്‍ ഈഴവ കാര്‍ഡിറക്കിയുള്ള കളിയും ഐ ഗ്രൂപ്പിന്റെ ബോധപൂര്‍വ്വ നീക്കമാണെന്ന വിലയിരുത്തല്‍ എ പക്ഷത്തിനുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാനും അതിന് ശേഷം തകര്‍ത്തടിക്കാനുമാണ് എ ഗ്രൂപ്പിന്റെ തീരുമാനം.

എംഎം ഹസന്‍, ബെന്നി ബെഹന്നാന്‍, ആന്റോ ആന്റണി എന്നിവര്‍ കെപിസിസി അധ്യക്ഷ കസേരയില്‍ നോട്ടമിടുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റുമെന്ന പ്രതീക്ഷയിലാണ് ഇത. ഇതിനൊപ്പം വിഷ്ണു നാഥും ഉമ്മന്‍ചാണ്ടിയുടെ അനുയായി എന്ന നിലയില്‍ കെപിസിസി പ്രസിഡന്റാകാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസിലെ താക്കോല്‍ സ്ഥാനത്തൊന്നും എ ഗ്രൂപ്പുകാരില്ലെന്ന കാരണം പറഞ്ഞാണ് ഈ നീക്കം. എന്നാല്‍ യുഡിഎഫ് കണ്‍വീനറായി എംഎം ഹസനുണ്ടെന്നും അതുകൊണ്ട് തന്നെ കെപിസിസിയില്‍ ഐ ഗ്രൂപ്പ് തുടരുമെന്നുമാണ് മറുവിഭാഗം പറയുന്നത്. ചിന്നിച്ചതറി നില്‍ക്കുന്ന ഐ വിഭാഗത്തില്‍ ഒട്ടേറെ പ്രമുഖര്‍ കെപിസിസിയിലെ കസേര നോട്ടമിടുന്നുണ്ട്.

കെ മുരളീധരനും അടൂര്‍ പ്രകാശും മാത്യു കുഴല്‍നാടനും എല്ലാം മോഹങ്ങളിലാണ്. ഇതിനൊപ്പമാണ് ഈഴവ കാര്‍ഡുമായി അടൂര്‍ പ്രകാശ് എത്തുന്നത്. രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷനാകാന്‍ സന്നദ്ധനാണ്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് ശക്തി തെളിയിക്കുമെന്നും അധ്യക്ഷ സ്ഥാനത്തിനായി അവകാശ വാദം ശക്തമാക്കുമെന്നുമാണ് അവരുടെ നിലപാട്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ജയിച്ചത് എ ഗ്രൂപ്പുകാരനായ രാഹുല്‍ മാങ്കൂട്ടത്തിലാണ്. വടകരയില്‍ അടക്കം എ ഗ്രൂപ്പ് ശക്തി തെളിയിക്കുന്ന മത്സരം ഈ ലോക്സഭയില്‍ നടത്തി. അതുകൊണ്ടു തന്നെ അണികളുടെ പിന്തുണയുള്ള എ ഗ്രൂപ്പിന് കെപിസിസി അധ്യക്ഷ സ്ഥാനം വേണമെന്നാണ് ആവശ്യം.

എ ഗ്രൂപ്പിന് പ്രമുഖനായ നേതാവിന്റെ മുഖം ഇപ്പോള്‍ കുറവുണ്ട്. സീനിയറായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗ്രൂപ്പ് വിട്ടു. കെ ബാബുവും നിശബ്ദനാണ്. ബെന്നി ബെഹന്നാനും എം എം ഹസനുമാണ് ഗ്രൂപ്പിലെ പ്രധാന മുഖങ്ങള്‍. കെസി ജോസഫും പിന്നണിയിലാണ്. ഈ സാഹചര്യത്തില്‍ എ ഗ്രൂപ്പിന് കൂട്ടായ തീരുമാനം എടുക്കുന്നതില്‍ നേതൃത്വം പ്രശ്നമുണ്ട്. അതിനിടെ ഗ്രൂപ്പിന്റെ നേതാവാകാന്‍ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും സജീവമായി രംഗത്തുണ്ട്. കെപിസിസി അധ്യക്ഷനാകാന്‍ ചാണ്ടി ഉമ്മനും ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

Related News

Related News

Leave a Comment