പാലക്കാട് (Palakkad) : കോയമ്പത്തൂർ-ഹിസാർ എക്സ്പ്രസി (Coimbatore-Hisar Express) ലെ എസി കോച്ച് (AC Coach) യാത്രക്കാർ ചില്ലറയൊന്നുമല്ല വിയർത്തത്. അത് എസി (AC) കേടുവന്നതുകൊണ്ടല്ല, ഉടമസ്ഥനില്ലാത്ത ഒരു ബാഗ് (Bag) കണ്ടതുകൊണ്ടാണ്. ഒരു ബാഗ് കണ്ടാൽ ഇത്ര വിയർക്കാനെന്തിരിക്കുന്നു എന്നല്ലേ? ബാഗിലെ ‘കൂടോത്ര’ സാധനങ്ങളാണ് യാത്രക്കാരെ പേടിപ്പിച്ചത്. കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട വണ്ടിയിലെ ഒരു കോച്ചിൽ മണിക്കൂറുകളോളം ആളില്ലാതെ കിടന്ന ബാഗ് തുറന്നപ്പോൾ യാത്രക്കാർ ഞെട്ടി. രണ്ട് തേങ്ങ, കുങ്കുമം, ആൾരൂപം, രണ്ട് കുപ്പി മദ്യം തുടങ്ങിയവയാണ് ഇതിലുണ്ടായിരുന്നത്.
അങ്ങനെ സംഗതി ‘കൂടോത്ര’ സാധനങ്ങളാണെന്ന വാർത്ത ട്രെയിനിനേക്കാൾ വേഗത്തിൽ മറ്റ് കോച്ചുകളിലേക്കും പരന്നു. ട്രെയിൻ പാലക്കാട് എത്തിയപ്പോൾ ബാഗ് നീക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. എന്നാൽ മാറ്റിയില്ല. പരാതി നൽകുമെന്നായപ്പോൾ റെയിൽവേ അധികൃതർ പൊലീസിനെ അറിയിച്ചു. എടുക്കാൻ ചെന്ന പൊലീസും ഒന്നു ഭയന്നു. ഒടുവിൽ ഷൊർണൂരിൽ സാധനങ്ങളിറക്കിയപ്പോഴാണ് യാത്രക്കാർക്ക് സമാധാനമായത്. സഞ്ചിയും സാമഗ്രികളും പുഴയിലോ മറ്റോ ഒഴുക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.