കൊല്ലം: കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രകൃതി വാതകം പൈപ്പ് ലൈൻ വഴി എത്തിക്കുന്നതിനുള്ള പ്ലാന്റ് ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥാപിക്കാൻ ആലോചന. സിഡ്‌കോയുടെ നിയന്ത്രണത്തിലുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ, കിറ്റ്‌കോയുടെ കൈവശമുള്ള ഒരേക്കർ ഭൂമി, പദ്ധതിയുടെ നിർവഹണ ഏജൻസിയായ എ.ജി.പിക്ക് വിട്ടുനൽകാനുള്ള ചർച്ചകൾ ആരംഭിച്ചു.
നീണ്ടകര പാലത്തിന് ഇപ്പുറം മുതൽ ഇത്തിക്കര വരെയുള്ള പ്രദേശങ്ങളിൽ ഉമയനല്ലൂരിൽ സ്ഥാപിക്കുന്ന പ്ലാന്റിൽ നിന്നു പ്രകൃതി വാതകം എത്തിക്കാനാണ് ആലോചന. ചവറയിൽ കെ.എം.എം.എല്ലിന്റെ അധീനതയിലുള്ള ഭൂമി സിറ്റി ഗ്യാസ് പദ്ധതിയുടെ പ്ലാന്റ് സ്ഥാപിക്കാനായി വിട്ടുനൽകാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. എന്നാൽ പ്രകൃതിവാതക പൈപ്പ് ലൈൻ പാലത്തിലൂടെയോ കായലിനടിയിലൂടെയോ മറുകരയിലേക്ക് കൊണ്ടുവരാൻ അനുമതി ലഭിക്കില്ല.
അതുകൊണ്ടാണ് നഗരത്തിലും സമീപ പ്രദേശങ്ങളലേക്കുമുള്ള വിതരണത്തിന് പ്രത്യേകം പ്ലാന്റ് സ്ഥാപിക്കുന്നത്. ഇത്തിക്കര മുതൽ പാരിപ്പള്ളി വരെയും പരിസര പ്രദേശങ്ങളിലും തോന്നയ്ക്കലിലെ പ്ലാന്റിൽ നിന്നും പ്രകൃതി വാതകം എത്തിക്കാനാണ് ആലോചന.സ്ഥലം ലഭിക്കാത്തത് പദ്ധതി വൈകിപ്പിച്ചു. എറണാകുളത്ത് നിന്ന് ടാങ്കർ ലോറിയിൽ എത്തിക്കുന്ന സമ്മർദ്ദിത പ്രകൃതി വാതകം സംഭരിച്ച് പൈപ്പ് ലൈൻ വഴി കടത്തിവിടുന്ന രൂപത്തിലേക്ക് മാറ്റുന്ന പ്ലാന്റാണ് ഉമയനല്ലൂരിലും ചവറയിലും സ്ഥാപിക്കേണ്ടത്.
കൊട്ടാരക്കരയിൽ ഈ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചു. ഈ പ്ലാന്റുകളിൽ നിന്നാകും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വിതരണ പൈപ്പ് ലൈനുകളിലൂടെ പ്രകൃതി വാതകം എത്തിക്കുക. ജില്ലയിൽ പ്ലാന്റ് സ്ഥാപിക്കാൻ ഇടം കിട്ടാത്തത് കൊണ്ടാണ് പദ്ധതി ഇതുവരെ യാഥാർത്ഥ്യമാകാത്തത്. ആലപ്പുഴയിലും തിരുവനന്തപുരത്തും ആയിരക്കണക്കിന് വീടുകളിൽ പ്രകൃതിവാതക വിതരണം ആരംഭിച്ചുകഴിഞ്ഞു