സി​സേ​റി​യ​ന് പി​ന്നാ​ലെ ദേഹാസ്വാസ്ഥ്യം; യു​വ​തി​ക്ക് വീ​ണ്ടും ശസ്ത്രക്രിയ

Written by Taniniram1

Published on:

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ സിസേറിയന് വിധേയയായ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തി.
ചെന്ത്രാപ്പിന്നി സ്വദേശി പ്രേംകുമാറിന്റെ മകളും ചേർത്തല പള്ളിപ്പുറം സ്വദേശി ആദർശ് ദാസിന്റെ ഭാര്യയുമായ മോനിഷയാണ് കൊടുങ്ങല്ലൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയ്ക്കും ഗൈനക്കോളജിസ്റ്റ് ഡോക്ടർ സീമ ഗംഗാധരനും എതിരെ കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഡിസംബർ 20നാണ് പട്ടികജാതിക്കാരിയായ മോനിഷ താലൂക്ക് ആശുപത്രിയിൽ സിസേറിയന് വിധേയയായത്. പിറ്റേന്ന് മുതൽ വയറുവേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടു. എന്നാൽ വേണ്ടത്ര ചികിത്സ നൽകാതെ 25ന് തന്നെ ഡിസ്ചാർജ് ചെയ്തതായി മോനിഷ പരാതിയിൽ പറയുന്നു.
ജനുവരി രണ്ടിന് ഡോക്ടർ സീമ ഗംഗാധരന്റെ നിർദ്ദേശപ്രകാരം താലൂക്ക് ആശുപത്രിയിലെ സർജൻ പരിശോധിക്കുകയും സ്കാനിങ്ങിന് വിധേയമാക്കുകയും ചെയ്തു.ഇതിൽ യുവതിയുടെ വയറ്റിൽ രക്തം കട്ടപിടിച്ചിട്ടുണ്ട് എന്നും പഴുപ്പുണ്ടെന്നും കണ്ടെത്തി. എന്നാൽ താലൂക്ക് ആശുപത്രി ഡോക്ടർ തന്നെ കയ്യൊഴിയുന്ന രീതിയിലാണ് പെരുമാറിയത് എന്ന് മോനിഷ ആരോപിച്ചു.ഇതിനിടെ യുവതിയുടെ ഭർത്താവും ബന്ധുക്കളും താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ കണ്ടു വിവരങ്ങൾ ധരിപ്പിച്ചെങ്കിലും ഡോക്ടർ സീമ ഗംഗാധരനിൽ നിന്ന് കൃത്യമായ വിവരമോ രോഗി എന്ന നിലയിൽ പരിചരണമോ.ആവശ്യത്തിന് ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.
പിന്നീട് ജനുവരി അഞ്ചിന് മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ച മോനിഷയെ സിടി സ്കാനിങ്ങിന് വിധയാക്കി.ഈ റിപ്പോർട്ട് പ്രകാരം വയറ്റിൽ രക്തം കട്ടപിടിച്ച് പഴുപ്പ് ആയിട്ടുണ്ടെന്നും നൂലുപോലെ വസ്തു വയറ്റിൽ ഉണ്ടെന്നും അറിഞ്ഞു. തുടർന്ന് യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കുകയായിരുന്നു. അതേസമയം രക്തം കട്ടപിടിക്കുന്നത് പ്രസവ ശസ്ത്രക്രിയ ക്കിടയിൽ അപൂർവമായി ഉണ്ടാകാറുണ്ടെന്നും ഇത് അത്ര ഗുരുതര അവസ്ഥയല്ലെന്നും യുവതിയോട് മെഡിക്കൽ കോളേജിൽ പോകാൻ നിർദ്ദേശിച്ചിരുന്നതായും ചികിത്സ പിഴവുണ്ടായിട്ടുണ്ടോ എന്നത് വ്യക്തമായിട്ടില്ലെന്നും ഗവൺമെന്റ് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഉണ്ണികൃഷ്ണൻ പറഞ്ഞു

See also  ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്‌ജ് ഇല്ല എന്ന് തെറ്റായ വാർത്ത നൽകിയവർ അവിടെ പോയി നോക്കണം: മന്ത്രി മുഹമ്മദ് റിയാസ്

Related News

Related News

Leave a Comment