Saturday, April 5, 2025

ഭൂമിക്കടിയിലൂടെ കൊച്ചി മെട്രോ വരുന്നു ……

Must read

- Advertisement -

സ്റ്റേഷൻ പ്ലാൻ ചെയ്യുന്നത് നെടുമ്പാശേരി വിമാനത്താവളത്തിൽ

കൊച്ചി ∙ കൊച്ചി മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി ഒരു ലക്ഷമാക്കുകയാണു ലക്ഷ്യമെന്നു കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ. തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഇൗ വർഷം ആദ്യം കമ്മിഷൻ ചെയ്യുന്നതോടെ ഇതു സാധ്യമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതുവരെ 10 കോടി ആളുകൾ മെട്രോയിൽ യാത്രചെയ്തു. പ്രതിദിന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷം ആദ്യം ശരാശരി 79,130 ആയിരുന്നത് വർഷം അവസാനമായപ്പോഴേക്കും 94,982 ആയി വർധിച്ചു. 2023ൽ മാത്രം കൊച്ചി മെട്രോയിൽ 3.11 കോടി ആളുകൾ യാത്രചെയ്തു. 96.08 കോടി രൂപ ടിക്കറ്റ് ഇനത്തിൽ കഴിഞ്ഞവർഷം മെട്രോയ്ക്കു വരുമാനം ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 40 ദിവസം മെട്രോയ്ക്ക് ഒരു ലക്ഷത്തിലേറെ യാത്രക്കാരുണ്ടായി.

തൃപ്പൂണിത്തുറ ടെർമിനൽ
തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള മെട്രോ നിർമാണം പൂർത്തിയായി. പരീക്ഷണ ഓട്ടം നടന്നുവരുന്നു. 1.16 കിലോമീറ്റർ ദൂരത്തേക്കു കൂടി മെട്രോ ഓടിയെത്തുമ്പോൾ ഒന്നാം ഘട്ടത്തിന്റെ ദൈർഘ്യം 28.125 കിലോമീറ്ററാവും. കൊച്ചിയിലേക്കു ട്രെയിൻ കൊണ്ടുവന്ന രാജർഷി രാമവർമയുടെ ഛായാചിത്രം സ്റ്റേഷനിലുണ്ടാവും. അത്തച്ചമയവും നൃത്ത രൂപങ്ങളുമാണു സ്റ്റേഷന്റെ തീം. 1.35 ലക്ഷം ചതുരശ്ര അടി വിസ്തൃതമായ സ്റ്റേഷനിൽ 40,000 ചതുരശ്ര അടി വാണിജ്യാവശ്യങ്ങൾക്കു നീക്കിവയ്ക്കും.

പിങ്ക് ലൈൻ
മെട്രോ പിങ്ക് ലൈൻ നിർമാണം 2 വർഷം കൊണ്ടു പൂർത്തിയാക്കും. മെട്രോ രണ്ടാംഘട്ടത്തിലെ 11ൽ 10 സ്റ്റേഷനുകളുടെയും നിർമാണം ടെൻഡർ ചെയ്തു. സ്മാർട് സിറ്റി സ്റ്റേഷൻ മാത്രമാണു ബാക്കിയുള്ളത്. സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെ റോഡ് വീതി കൂട്ടൽ 82.50% പൂർത്തിയാക്കി. സ്റ്റേഷൻ കെട്ടിടങ്ങളുടെ സ്ഥലമെടുപ്പ് 45% പൂർത്തിയായി. സീപോർട്– എയർപോർട് റോഡ് വീതികൂട്ടൽ ഇൗ വർഷം മാർച്ചിൽ പൂർത്തിയാക്കും. നിർമാണത്തിനുള്ള ടെൻഡർ പരിശോധനയിലാണ്. 18 മാസത്തിനുള്ളിൽ സിവിൽ വർക്ക് പൂർത്തിയാക്കണം. അതിനു മുൻപു പൂർത്തിയാക്കുന്ന കരാറുകാർക്ക് ഇൻസന്റീവ് നൽകും.

വാട്ടർ മെട്രോ
വാട്ടർ മെട്രോയുടെ 38 ടെർമിനലിൽ 14 എണ്ണത്തിനു നിർമാണ കരാർ നൽകി. 9 ടെർമിനൽ സർവീസിനു തയാറാണ്. അഞ്ചെണ്ണം കൂടി ഉടൻ പൂർത്തിയാവും. 23 ബോട്ടുകൾക്കു കരാർ നൽകിയതിൽ 12 ലഭിച്ചു. ബാക്കിയുള്ളത് ജൂണിനു മുൻപു നൽകണമെന്നു കൊച്ചി കപ്പൽശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇൗ മാസം തന്നെ ചിറ്റൂർ, മുളവുകാട് റൂട്ടിൽ സർവീസ് ആരംഭിക്കും.

ടിക്കറ്റ് ഇതര വരുമാനം
ടിക്കറ്റ് ഇതര വരുമാനത്തിനു ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചതായി ലോക്നാഥ് ബെഹ്റ പറഞ്ഞു. കളമശേരി മെട്രോ സ്റ്റേഷനോടു ചേർന്ന് ബിപിസിൽ ഇന്ധന ഫില്ലിങ് സ്റ്റേഷൻ സ്ഥാപിക്കും. 5 വർഷം കൊണ്ട് 25 ട്രെയിനുകളിലും പരസ്യത്തിനുള്ള കരാർ നൽകും. ഐഐഎം കൊച്ചി ക്യംപസ് കുസാറ്റ് മെട്രോ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങും. വാട്ടർ മെട്രോ സ്റ്റേഷനുകളെയും മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിച്ചു സർവീസ് നടത്താൻ 20 ഇലട്രിക് ബസുകൾ വാങ്ങും. മെട്രോ സ്റ്റേഷനുകൾക്കായി 15 ബസുകൾ കൂടി വാങ്ങും.

See also  സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം: പ്രതി പിടിയിൽ; കുറ്റം സമ്മതിച്ചു…

മൂന്നാം ഘട്ടം
ആലുവ–അങ്കമാലി മൂന്നാം ഘട്ടത്തിൽ എയർപോർട്ടിലേക്ക് ലിങ്ക് ലൈൻ നിർമിക്കും. വിമാനത്താവളത്തിൽ ഭൂമിക്കടിയിലാണു സ്റ്റേഷൻ പ്ലാൻ ചെയ്യുന്നത്. നിലവിലുള്ള മെട്രോയുടെ എക്സ്റ്റൻഷൻ തന്നെയായിരിക്കും മൂന്നാം ഘട്ടത്തിലും എന്നു ലോക്നാഥ് ബെഹ്റ പറഞ്ഞു.

മെട്രോയിൽ വാട്സാപ് ടിക്കറ്റ്; സാധാരണ സമയത്ത് 10% നിരക്കിളവ്
കൊച്ചി ∙ കൊച്ചി മെട്രോയിൽ ഇന്നു മുതൽ വാട്സാപ് ടിക്കറ്റ്. കെഎംആർഎൽ വാട്സാപ് നമ്പറായ 9188957488 ലേക്ക് ‘ ഹായ് ’ എന്ന സന്ദേശം അയച്ചാൽ ടിക്കറ്റ് ലഭിക്കും. യാത്ര പുറപ്പെടുന്ന സ്റ്റേഷനും ഇറങ്ങേണ്ട സ്റ്റേഷനും തിരഞ്ഞെടുത്ത് പേയ്മെന്റ് ആപ്പിലൂടെ പണം അയയ്ക്കാം. ക്യൂർ ആർ കോഡ് ടിക്കറ്റ് മറുപടി മെസേജിൽ ലഭിക്കും. പ്ലാറ്റ്ഫോം ഗേറ്റിൽ ഇതു കാണിച്ചാൽ മെട്രോയിൽ കയറാം. ഹായ് മെസേജ് അയയ്ക്കുന്നതു മുതൽ ടിക്കറ്റ് ലഭിക്കുന്നതുവരെ 30 സെക്കൻഡ് മുതൽ 60 സെക്കൻഡ് വരെയേ എടുക്കൂ. കൗണ്ടറിൽ ക്യൂ നിൽക്കേണ്ട. 15 ദിവസമായി പുതിയ സംവിധാനം പരീക്ഷണത്തിലാണ്.

ഇതുവരെ പിഴവുകൾ കണ്ടില്ലെന്നു കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. വാട്സാപ് ടിക്കറ്റിന് സാധാരണ സമയത്ത് 10% നിരക്ക് ഇളവുണ്ട്. രാവിലെ 5.45 മുതൽ 7 വരെയും രാത്രി 10 മുതൽ 11 വരെയുമുള്ള സമയത്ത് പകുതി നിരക്കും നൽകിയാൽ മതി. വാട്സാപ് നമ്പർ സേവ് ചെയ്ത് ഹായ് മെസേജ് അയയ്ക്കുക, ക്യുആർ ടിക്കറ്റ് സിലക്ട് ചെയ്യുക, ബുക് ടിക്കറ്റ് സിലക്ട് ചെയ്യുക, കയറുന്ന സ്റ്റേഷനും ഇറങ്ങുന്ന സ്റ്റേഷനും തിരഞ്ഞെടുക്കുക, യാത്രക്കാരുടെ എണ്ണം അടിക്കുക, പേയ്മെന്റ് മോഡ് സിലക്ട് ചെയ്യുക. ഇത്രയുമാണു വാട്സാപ് ടിക്കറ്റിന്റെ നടപടിക്രമം. ടിക്കറ്റ് കാൻസൽ ചെയ്യാനും സംവിധാനമുണ്ട്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article