കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെകെ രത്‌നകുമാരി വിജയിച്ചു.പി പി ദിവ്യ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത് .നിലവിലെ ഭരണസമിതിയിലെ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായ രത്‌നകുമാരി, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പിപി ദിവ്യ എത്തിയില്ല. അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തി. ഫലപ്രഖ്യാപന സമയത്ത് മാത്രമാണ് മാധ്യമങ്ങളെ ജില്ലാ പഞ്ചായത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ പ്രവേശിക്കരുതെന്ന് ജില്ലാ കളക്ടറാണ് നിര്‍ദേശം നല്‍കിയത്.ജില്ലാ പഞ്ചായത്തിന് പുറത്ത് പൊലീസിന്റെ കാവലും ഏര്‍പ്പെടുത്തിയിരുന്നു. മുന്‍കൂര്‍ അനുവാദമില്ലാതെ പഞ്ചായത്തിനുള്ളിലേക്ക് മാധ്യമങ്ങളെ കടത്തി വിടരുതെന്ന് ഉത്തരവുണ്ടെന്നായിരുന്നു പൊലീസ് വിശദീകരണം. ഒടുവില്‍ ഫലപ്രഖ്യാപന സമയത്തു മാത്രം ജില്ലാ പഞ്ചായത്തിനുള്ളില്‍ മാധ്യമങ്ങള്‍ക്ക് കയറാന്‍ അനുമതി ലഭിച്ചു. 24 അംഗ ഭരണസമിതിയില്‍ 16 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസിന്റെ ജൂബിലി ചാക്കോയെ പരാജയപ്പെടുത്തി സി പി എമ്മിന്റെ കെ കെ രത്‌നകുമാരി പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്.