മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ വിധി ശരിവെച്ചു സുപ്രീംകോടതി; ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകുമെന്ന് പരമോന്നത കോടതി

Written by Taniniram

Published on:

ന്യൂഡല്‍ഹി: അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന്റെ ആശ്രിത നിയമനം നല്‍കിയത് റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഒരു എംഎല്‍എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കുമെന്ന ചോദ്യം ഉന്നയിച്ച സുപ്രീം കോടതി ഹൈക്കോടതി വിധിക്ക് എതിരായ സര്‍ക്കാര്‍ അപ്പീല്‍ തള്ളുകയായിരുന്നു. പ്രശാന്ത് വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു നിയമനം നല്‍കിയത്.

2018 ലാണ് അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് സര്‍ക്കാര്‍ ആശ്രിത നിയമനം നല്‍കിയത്. പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്‍ഡ് എഞ്ചിനിയറായി ഗസറ്റഡ് റാങ്കിലായിരുന്നു എഞ്ചിനിയറിംഗ് ബിരുദധാരിയായ പ്രശാന്തിന്റെ നിയമനം. ചട്ടവിരുദ്ധമായി നടത്തിയ ഈ നിയമനം ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ആണ് നേരത്തെ റദ്ദാക്കിയത്. ചട്ടങ്ങള്‍ ലംഘിച്ചു നടത്തിയ ആശ്രിത നിയമനം ചോദ്യം ചെയ്ത് പാലക്കാട് സ്വദേശിയായ അശോക് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

ചട്ട വിരുദ്ധമായി പൊതുമരാമത്ത് വകുപ്പില്‍ ഗസറ്റഡ് റാങ്കില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ച് നടത്തിയ നിയമനമാണ് കോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കോടതിയുടെ നിരീക്ഷണം. കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവ് ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരമുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ എം എല്‍ എ യുടെ മകന്‍ ഉള്‍പ്പെടെ ആശ്രിത നിയമനം നല്‍കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

See also  ചിത്രത്തിൽ കാണുന്ന ഇദ്ദേഹം ആരെന്ന് മനസ്സിലായോ ?

Leave a Comment