തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കുള്ളിൽ വരവുചെലവു കണക്കുകൾ പുറത്തുവിടുമെന്നു പ്രഖ്യാപിച്ച് കേരളപ്പിറവിക്കു തലസ്ഥാനത്തു സംഘടിപ്പിച്ച ‘കേരളീയം’ മേളയുടെ കണക്ക് ഒരു മാസമായിട്ടും സർക്കാർ ലഭ്യമാക്കുന്നില്ല. വിവിധ വകുപ്പുകളോടു വിവരാവകാശ നിയമപ്രകാരം കണക്ക് ആവശ്യപ്പെട്ടപ്പോൾ പബ്ലിക് റിലേഷൻസ് വകുപ്പും (പിആർഡി) പൊതുഭരണ വകുപ്പും മാത്രമാണ് വ്യക്തമായ മറുപടി നൽകിയത്. മറ്റു പല വകുപ്പുകളും വിവരം ലഭ്യമല്ലെന്നറിയിച്ച് ഒഴിഞ്ഞു.
സർക്കാരിനു സാമ്പത്തിക ബാധ്യത കുറവാണെന്നും സ്പോൺസർഷിപ്പിലൂടെയാണു പല പരിപാടികളും സംഘടിപ്പിച്ചതെന്നും മന്ത്രിമാർ അവകാശപ്പെട്ടെങ്കിലും സ്പോൺസർഷിപ്പിന്റെ കണക്കു ചോദിച്ചപ്പോൾ ‘ഇല്ല’ എന്നാണുത്തരം.
നവംബർ 1 മുതൽ 7 വരെ നടന്ന മേളയ്ക്കായുള്ള പിരിവിനെക്കുറിച്ചു പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ കണക്കുകൾ അറിയിക്കുമെന്നാണു സംഘാടകസമിതി ചെയർമാനായ മന്ത്രി വി.ശിവൻകുട്ടി നവംബർ 6 നു വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. ‘കേരളീയം’ കഴിഞ്ഞ് അതിന്റെ നേട്ടങ്ങൾ വിവരിക്കാൻ മുഖ്യമന്ത്രി വിളിച്ച വാർത്താസമ്മേളനത്തിലും കണക്കു വെളിപ്പെടുത്തിയില്ല