തിരുവനന്തപുരം: കേരളത്തിലെ ആദ്യ ലിഫ്റ്റായ കവടിയാർ കൊട്ടാരത്തിലെ ലിഫ്റ്റ് വീണ്ടും പ്രവർത്തനസജ്ജമായി. ചിത്തിര തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് ഇറ്റലിയിൽ നിന്നായിരുന്നു ഈ ലിഫ്റ്റ് കൊണ്ടുവന്നത്. കഴിഞ്ഞ കുറച്ച് കാലമായി ഇത് പ്രവർത്തിക്കുന്നില്ലായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണി നടത്തി വീണ്ടും പ്രവർത്തന സജ്ജമാക്കുകയായിരുന്നു.
സ്റ്റിൻഗ്രർ എന്ന കമ്പനിയാണ് ഈ ലിഫ്റ്റ് നിർമിച്ചത്. അവരുടെ നിർദേശപ്രകാരം തിരുവിതാംകൂർ മരാമത്ത് വകുപ്പാണ് സ്ഥാപിച്ചത്. ബാലരാമപുരം ഭഗവതി നട സ്വദേശി തങ്കപ്പൻ ആചാരിയുടെ നേതൃത്വത്തിലായിരുന്നു ലിഫ്‌റ്റിന്റെ പണി നടത്തിയതെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.മരത്തിലാണ് ഗ്രില്ലുകളും മറ്റും നിർമിച്ചതെന്നാണ് വിവരം. ലിഫ്‌റ്റിൽ ഒരേ സമയം മൂന്ന് പേർക്ക് കയറാം. ഒരാൾക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. ഉള്ളിൽ കണ്ണാടിയുമുണ്ട്. കവടിയാർ കൊട്ടാരത്തിലെ അശ്വതി തിരുനാള് ഗൗരി ലക്ഷ്മി ബായിയുടെ മകൻ ആദിത്യ വർമ ഈ ലിഫ്‌റ്റിനെപ്പറ്റി മുമ്പ് യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു.’ആദ്യത്തെ ലിഫ്റ്റാണിത്.
1945 കളിൽ കൊണ്ടുവന്നുവെന്നാണ് കേട്ടിരിക്കുന്നത്. ഇലക്ട്രിസിറ്റിയിൽ ഓടുന്നതാണ്. സ്റ്റിൻഗ്രർ എന്ന കമ്പനി നിർമിച്ചത്. ഇറ്റലിയിൽ നിന്ന് കൊണ്ടുവന്നതാണ്. മുഴുവൻ തടിയാണ്. മാക്സിമം മൂന്ന് പേർക്ക് പോകാം.’- എന്നായിരുന്നു ആദിത്യ വർമ അന്ന് യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞത്. ലിഫ്റ്റ് ശരിയാക്കുമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.