ലോക്‌സഭാതെരെഞ്ഞെടുപ്പില്‍ കേരളത്തിന്റെ മനസ്സ് പെട്ടിയിലായിക്കഴിഞ്ഞു. കഠിനചൂടിനെ വെല്ലുവിളിച്ച് സ്ഥാനാര്‍ത്ഥികള്‍ നടത്തിയ പ്രചാരണങ്ങള്‍ ജനം എങ്ങനെ സ്വീകരിച്ചൂവെന്നറിയാന്‍ ഇനി ജൂണ്‍ 4 വരെ കാത്തിരിക്കണം. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും മുന്നണി നേതൃത്വങ്ങള്‍ക്ക് വിശ്രമമില്ല. 20 ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് 4 എം.എല്‍എമാരാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ കേരളം ഉപതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കും. അതിനാല്‍ തെരഞ്ഞെടുപ്പ് ഫലം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഈ നാല് നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ്. ചേലക്കര, പാലക്കാട്, മട്ടന്നൂര്‍, വര്‍ക്കല.
മന്ത്രി കെ. രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍, കെ.കെ. ശൈലജ, വി. ജോയി എന്നീ 4 എം.എല്‍.എമാരാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. വോട്ടെടുപ്പ് ദിവസം ഭരണത്തിന്റെ വിലയിരുത്തലാകുമോ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എന്ന ചോദ്യം മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഭരണവിരുദ്ധവികാരം എന്ന നാണക്കേട് എല്‍ഡിഎഫിനുണ്ടാകും. അതിനാല്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫിനും സിപിഎമ്മിനും പ്രതിപക്ഷത്തിനും നിര്‍ണായകമാണ്.
കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പിച്ച മത്സരമാണ് വടകരയിലേത് രണ്ട് എംഎല്‍എമാരാണ് നേര്‍ക്ക്‌നേര്‍ പോരാടിയത്. ഷാഫി പറമ്പില്‍ ജയിച്ചാല്‍ പാലക്കാടും കെകെ ഷൈലജ ജയിച്ചാല്‍ മട്ടന്നൂരും ഉപതിരഞ്ഞെടുപ്പിലേക്ക് പോകും. ആരോപണ പ്രത്യാരോപണങ്ങള്‍ അതിരുവിട്ട മത്സരമാണ് വടകരയിലുണ്ടായത്. ഇരുമുന്നണികളും സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോഴെ ആരംഭിച്ചിട്ടുണ്ട്.
ആലത്തൂരിലെ നിലവിലെ എം.പി രമ്യാഹരിദാസിനെ മന്ത്രി കെ.രാധാകൃഷ്ണന്‍ അട്ടിമറിച്ചാല്‍ ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. പാട്ടും പാടി ജയിക്കാനിറങ്ങിയ രമ്യയ്ക്ക് കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്.
മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്ന വര്‍ക്കല എംഎല്‍എ വി.ജോയ് പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ആറ്റിങ്ങലില്‍ മത്സരിക്കാനിറങ്ങിയത്. എന്നാല്‍ കളത്തിലിറങ്ങിയ ശേഷം സിപിഎം ജില്ലാസെക്രട്ടറി കൂടിയായ വി.ജോയ് പാര്‍ട്ടി സംവിധാനങ്ങളുടെ ശക്തിയില്‍ മികച്ച പ്രചരണമാണ് നടത്തിയത്. ഈഴവ വോട്ടുകള്‍ വിജയിയെ നിശ്ചയിക്കുന്ന മണ്ഡലത്തില്‍ അടൂര്‍പ്രകാശിനെയും വി.മുരളീധരനെയും പിന്നിലാക്കാന്‍ കഴിഞ്ഞാല്‍ വര്‍ക്കലയില്‍ വാശിയേറിയ ഉപതിരഞ്ഞെടുപ്പായിരിക്കും നടക്കാന്‍ പോകുന്നത്.